യാത്രക്കിടെ വയോധിക മരിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

മുംബൈ: വിമാന യാത്രക്കിടെ വയോധിക മരിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശി സുശീല ദേവി (89) ആണ് മരിച്ചത്. തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്.
ഞായറാഴ്ച രാത്രി 10ഓടെ മുംബൈ-വാരണാസി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സുശീല ദേവി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നെന്ന് എംഐഡിസി സിഡ്‌കോ പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെ വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം ചിക്കൽത്താന വിമാനത്താവളത്തിൽ ഇറക്കി. ലാൻഡിംഗ് നടന്നതിന് പിന്നാലെ മെഡിക്കൽ സംഘം സുശീലാ ദേവിയെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്തു. മരണകാരണം വ്യക്തമല്ല.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഛത്രപതി സംഭ്ജിനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുശീല ദേവിയുടെ ബന്ധുക്കൾ സംഭാജിനഗറിൽ എത്തിയിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനം വാരണാസിയിലേക്കുള്ള യാത്ര തുടർന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments