നേപ്പാളിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണം; പ്രക്ഷോഭ ഫലം ഫ്യൂഡൽ വാഴ്ചയിലേക്കുള്ള മടക്കമാകരുത്: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Sep 10, 2025, 01:39 PM | 1 min read

ന്യൂഡൽഹി : നേപ്പാളിൽ രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്‌ പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധത്തിൽ 20 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ സിപിഐ എം ദുഃഖം രേഖപ്പെടുത്തി. തുടർച്ചയായി വരുന്ന സർക്കാരുകൾ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ആവശ്യങ്ങൾ നിറവേറ്റുന്നതിലും ആവർത്തിച്ച് പരാജയപ്പെടുന്നതിനെതിരെ ജനങ്ങളി‍ൽ, പ്രത്യേകിച്ച് യുവാക്കളിലുണ്ടാകുന്ന രോഷമാണ് പ്രതിഷേധങ്ങളിലൂടെ പ്രതിഫലിക്കുന്നത്.


ഭരണ വൃത്തങ്ങൾക്കിടയിലെ വ്യാപകമായ അഴിമതി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളുടെ അഭാവം എന്നിവയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സീ പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ തുടരേണ്ടതുണ്ട്. പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള ആൾക്കൂട്ട അക്രമത്തിന്റെ വെളിച്ചത്തിൽ ഇത് കൂടുതൽ അനിവാര്യമാകുന്നു. പ്രതിഷേധത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ കൊല്ലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.


നേപ്പാളിലെ യുവാക്കളുടെ പരാതികൾ ഉടനടി കേൾക്കുകയും അവ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണം. രാജവാഴ്ചയ്‌ക്കെതിരായ ദീർഘവും കഠിനവുമായ പോരാട്ടത്തിലൂടെ നേടിയെടുത്ത ഭരണഘടന ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധിക്കണം.


രാജഭരണവാദികളും മറ്റ് പിന്തിരിപ്പൻ ശക്തികളും സാഹചര്യം ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നേപ്പാളിലെ യുവാക്കളും ജനാധിപത്യ ശക്തികളും ജാഗ്രത പാലിക്കണം. ജനാധിപത്യ നവീകരണമായിരിക്കണം ഈ ബഹുജന പ്രതിഷേധങ്ങളുടെ ഫലമെന്നും ഫ്യൂഡൽ സ്വേച്ഛാധിപത്യ ഭരണത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാവരുതെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home