വധ്രയ്‌ക്ക് ഇഡിയുടെ കുറ്റപത്രം

ന്യൂഡൽഹി
ഹരിയാന ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവ് റോബർട്ട് വധ്രക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഗുരുഗ്രാം ഷിഖോപുർ ഗ്രാമത്തിലെ 3.53 ഏക്കർ 2008ല്‍ വധ്രയുടെ സ്‌കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി കമ്പനി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
7.5 കോടിക്ക് വാങ്ങിയ ഭൂമി 2012ൽ സ്‌കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി ഡിഎൽഎഫിന് 58 കോടിക്ക് മറിച്ചുവിറ്റു. 2008ൽ ഹരിയാനയിൽ കോൺഗ്രസ് ഭരിച്ച കാലയളവില്‍ സ്വാധീനം ഉപയോഗിച്ച് വധ്ര അനധികൃത ഇടപാട് നടത്തിയെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
ഹരിയാനയിലെ രജിസ്‌ട്രേഷൻ ഇൻസ്‌പെക്‌ടർ ജനറലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക്‌ഖേംക ഭൂമി ഇടപാടിലെ ക്രമക്കേടുകൾക്ക് എതിരെ 2008ല്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ സ്ഥലംമാറ്റിയ സർക്കാർ നടപടിയും വിവാദമായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് കേസെന്നാണ് വാധ്രയുടെ ആരോപണം. കോൺഗ്രസ് നേതൃത്വം ഇതിനെ പിന്തുണച്ചിട്ടില്ല.
ഡിഎൽഎഫ് കമ്പനി 170 കോടി ഇലക്‌ട്രൽ ബോണ്ട് മുഖേന ബിജെപിക്ക് കൈമാറിയിരുന്നു. 2023 ഏപ്രിലിൽ കമ്പനിക്ക് ഹരിയാനയിലെ ബിജെപി സർക്കാർ ക്ലീൻചിറ്റ് നൽകി.









0 comments