വോട്ടർ പട്ടികയിലെ കൃത്രിമം ചികയുന്നവരെ പൂട്ടി, ഡിജിറ്റൽ കോപ്പി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ


എൻ എ ബക്കർ
Published on Aug 14, 2025, 01:11 PM | 3 min read
ബിഹാറിലെ വോട്ടർ പട്ടികയിലെ തിരിമറികൾ വിവാദമായതിന് പിന്നാലെ പിഴവുകൾ കണ്ടെത്തുന്നത് തടയാൻ ഡിജിറ്റൽ ഫോർമാറ്റ് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പട്ടികകളുടെ സ്കാൻഡ് കോപ്പി മാത്രം ലഭ്യമാക്കിയാണ് പരിശോധകൾക്ക് എതിരായ പ്രതിരോധം.
ഡിജിറ്റൽ ടെക്സ്റ്റ് അധിഷ്ഠിത വോട്ടർ ലിസ്റ്റുകൾക്ക് പകരം സ്കാൻ ചെയ്ത ഇമേജ് പതിപ്പുകൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്ത്രപരമായ നീക്കം നടത്തിയിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്രയിലും കർണ്ണാകടയിലും ഇതേ മാതൃക പരീക്ഷിച്ച് കമ്മീഷൻ പ്രതിരോധം തീർത്തിരുന്നു. പട്ടിക ചിത്രരൂപത്തിൽ മാത്രം വായിക്കാവുന്ന മാതൃകയിലേക്ക് മാറ്റിയതോടെ പിശകുകൾ ഒരുമിച്ച് കണ്ടെത്തുന്നതും വിശകലനം ചെയ്യുന്നതും പ്രയാസകരമാവും.
നേരത്തെ ഡിജിറ്റൽ വോട്ടർ ലിസ്റ്റുകൾ പേരുകളോ വോട്ടർ ഐഡിയോ ഉപയോഗിച്ച് തെരയാൻ കഴിയുമായിരുന്നു. ഇത് രാഷ്ട്രീയ പാർട്ടികൾക്കും വാച്ച്ഡോഗ് ഗ്രൂപ്പുകൾക്കും പൗരന്മാർക്കും തെരച്ചിലും പരിശോധനയും എളുപ്പമാക്കി. ഇരട്ട വോട്ടുകൾ, തെറ്റായ വിശദാംശങ്ങൾ, നഷ്‌ടമായ പേരുകൾ, കൂട്ടമായ വ്യാജ എൻട്രികൾ എന്നിങ്ങനെ പൊരുത്തക്കേടുകൾ തിരിച്ചറിയാൻ ഡിജിറ്റൽ ഫോർമാറ്റിൽ കഴിയുമായിരുന്നത് തടസ്സപ്പെടുത്തിയിരിക്കയാണ്. പുതിയ സ്കാൻ ചെയ്ത ഇമേജ് ഫോർമാറ്റ് ഉപയോഗിച്ച് ഈ രീതിയിൽ തെരയലുകൾ സാധ്യമാവില്ല.

ഓരോ മണ്ഡലത്തിലും നൂറുകണക്കിന് പേജുകൾ നീളമുള്ള ലിസ്റ്റുകൾ വ്യക്തിഗതമായി പരിശോധിച്ച് വേർതിരിച്ച് അറിയണം. ഇത് ദീർഘകാല മനുഷ്യ പ്രയത്നം ആവശ്യമുള്ളതാണ്. ഡിജിറ്റൽ ഡാറ്റയിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് വസ്തുതാ വിശകലനം നടത്താനും പിഴവുകൾ കണ്ടെത്താനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. ചിത്ര രൂപത്തിലേക്ക് മാറ്റിയതോടെ മാസങ്ങൾ നീളുന്ന പരിശോധനയ്ക്ക് വലിയ മനുഷ്യ പ്രയത്നവും വേണ്ടിവരും.
വോട്ടർ പട്ടിക സുതാര്യമായിരിക്കുക എന്നത് ജനാധാപത്യ അവകാശമാണ്. എന്നാൽ ഇത് ഡിജിറ്റൽ ഫോർമാറ്റിൽ വേണമെന്ന് ഐടി യുഗത്തിനും മുൻപ് ഉണ്ടായ നിയമത്തിൽ പ്രത്യേക നിഷ്കർഷയില്ല. ഇതാണ് പ്രയോജനപ്പെടുത്തുന്നത്.
വോട്ടർ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം എന്നാണ് ന്യായീകരണം. പെട്ടെന്നുള്ള നടപടി സംബന്ധിച്ച് വിശദീകരണം ഇസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മാറ്റം പരസ്യപ്പെടുത്തിയിട്ടുമില്ല.
ബീഹാറിൽ മാത്രം കരട് റോളിൽ 90,712 പട്ടികകളുണ്ട്. അതിൽ 7.2 കോടി വോട്ടർമാരുടെ പേരുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. ഇത്രയും പട്ടികകൾ വ്യക്തിഗതമായി പരിശോധിക്കുക എളുപ്പമല്ല. ഈ സാധ്യതയാണ് ക്രിത്രിമം കണ്ടെത്തുന്നത് തടയാനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആക്ഷേപം. വിവാദവും കേസും പ്രതിഷേധങ്ങളും വെളിപ്പെടുത്തലുകളും വന്നതോടെ ഡിജിറ്റൽ പകർപ്പ് എന്തിന് തിടുക്കപ്പെട്ട് പിൻവലിച്ചു എന്നാണ് ചോദ്യം.
പരിശോധന ഭയക്കുന്നത് എന്തിനാണ്
ആഗസ്ത് ഒന്നിനാണ് തെരഞ്ഞെടുപ്പ് കമ്മഷൻ രണ്ട് വ്യത്യസ്ത വെബ്‌സൈറ്റുകളിൽ ഡിജിറ്റൽ വോട്ടർ പട്ടിക അപ്‌ലോഡ് ചെയ്തത്. വോട്ടർ സർവീസസ് പോർട്ടൽ എല്ലാ ഉപയോക്താക്കൾക്കും 10 ബാച്ചുകളായി രാജ്യത്തെ ഏത് വോട്ടർ പട്ടികയും ഡൗൺലോഡ് ചെയ്യാൻ സൌകര്യമുള്ളതാണ്. രണ്ടാമത്തേത് ബിഹാർ എസ്‌ഐആർ ഡ്രാഫ്റ്റ് റോൾ 2025 എന്ന പ്രത്യേക വെബ്‌സൈറ്റാണ്, അതിൽ നിയമസഭാ മണ്ഡലം തിരിച്ചുള്ള പിൻ ഫയലുകൾ ലഭിക്കുന്നു. ഓരോ പിൻ ഫയലിലും അതത് മണ്ഡലത്തിലെ എല്ലാ വോട്ടർ പട്ടികയും അടങ്ങിയിരിക്കുന്നു.
ഇവയിൽ ഡിജിറ്റൽ അല്ലെങ്കിൽ സ്കാൻ ചെയ്ത വോട്ടർ പട്ടികകൾ PDF ഫോർമാറ്റിലാണ് ലഭിച്ചിരുന്നത്. തിരയാൻ കഴിയുന്നതിനാൽ ഡിജിറ്റൽ റോളുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ സാധിക്കും. സാധാരണയായി 20 പേജ് മുതൽ 40 പേജ് വരെ നീളമുള്ള ഈ പട്ടികകളിലെ പേരുകളോ വോട്ടർ ഐഡി നമ്പറോ ഒരു വോട്ടർക്ക് എളുപ്പത്തിൽ സെർച്ച് അടിച്ച് കണ്ടെത്താൻ കഴിയും.

കമ്പ്യൂട്ടർ പ്രോഗ്രാമുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളും ഉപയോഗിച്ച് അതിലെ ഡാറ്റ കുറഞ്ഞ സമയത്തിനുള്ളിൽ വേർതിരിച്ചെടുക്കാനും ക്രമീകരിക്കാനും കഴിയും. സാധാരണ പൌരൻമാർക്കും ജനാധിപത്യ സംവിധാനത്തിലെ നിരീക്ഷകർക്കും ഡിജിറ്റൽ റോളുകൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് ഇത് അവസരം നൽകുന്നു.
ആഗസ്ത് ഏഴിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ സർവീസസ് പോർട്ടലിൽ നിന്ന് ഡിജിറ്റൽ വോട്ടർ പട്ടികകൾ നീക്കം ചെയ്തു. സ്കാൻ ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് പകരം പട്ടിക കയറ്റി വയ്ക്കുകയും ചെയ്തു.
സ്കാൻ ചെയ്ത ഫോർമാറ്റ് വോട്ടർ പട്ടികയുടെ ഒരു ചിത്രം പോലെയാണ്. ഇത് തിരയാൻ കഴിയില്ല. അതിൽ നിന്ന് ഡാറ്റ പ്രത്യേകം എടുത്ത് പരിശോധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ ഫയലുകൾ വലുപ്പത്തിൽ സെർവ്വറുകൾക്ക് വൻ ഭാരം ഉണ്ടാക്കുന്നതാണ്. വ്യക്തതയുടെ കാര്യത്തിൽ കുറഞ്ഞ റെസല്യൂഷനുള്ളവയാണ്. കൂടാതെ ഡാറ്റ വേർതിരിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കുകയും അപ് ലോഡ് ചെയ്യുന്നതിലും മറ്റും പിശകുകൾക്ക് സാധ്യതയുള്ളതുമാണ്.
നേരത്തെ ഒരു പട്ടിക ഒരു എംബി വലിപ്പമുള്ളത് ആയിരുന്നു. ഇമേജുകൾ ആക്കി മാറ്റിയപ്പോൾ ഏഴ് എംബിയായി ഉയർന്നു. സൌകര്യം പരിമിതപ്പെടുത്തുകയും ഭാരം ഏഴിരട്ടി വർധിപ്പിക്കയും ചെയ്തു. പരിശോധന പ്രയാസമുള്ളതാക്കി വോട്ടർമാരെ അകറ്റുകയും ചെയ്തു.

ഓഗസ്റ്റ് 7 ന് ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി വോട്ടർ പട്ടികയിലെ തിരിമറി സംബന്ധിച്ച വിഷയം ഉന്നയിച്ചത്. അതിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ആരോപണങ്ങൾ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഡിജിറ്റൽ യുഗത്തിലെ വോട്ടർ പട്ടിക ഒരു ദിവസം കൊണ്ട് പഴഞ്ചൻ രൂപത്തിൽ ഇമേജ് ഫോർമാറ്റുകളായി മാറിയത്.
മഹാദേവപുരയിൽ പ്രയോഗിച്ച അതേ തന്ത്രം
വോട്ടെടുപ്പിലും പട്ടികയിലും തിരിമറി ആരോപിക്കപ്പെട്ട കർണ്ണാടകയിലെ മഹാദേവപുരയിൽ പട്ടികയുടെ ഡിജിറ്റൽ കോപ്പി ലഭ്യമാക്കിയിരുന്നില്ല. മഹാരാഷ്ട്രയിലും ഇതേ വെല്ലുവിളി നേരിട്ടതായും രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ആറുമാസം എടുത്താണ് പട്ടികകൾ വിശകലനം ചെയ്തത്.
ബാംഗ്ലൂർ സെൻട്രൽ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ഡാറ്റ ഉദ്ധരിച്ച്, വോട്ടർ പട്ടികയിൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, അസാധുവായ വിലാസങ്ങൾ, ഒറ്റ സ്ഥലങ്ങളിൽ വോട്ടുകളുടെ ബൾക്ക് രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെ 100,000-ത്തിലധികം കൃത്രിമ എൻട്രികൾ ഉണ്ടെന്ന് വിശകലനം പുറത്തു വന്നിരുന്നു.
പോളിംഗ് ബൂത്തുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയത് ഇതിന് അനുബന്ധമായി ചൂണ്ടികാണിക്കപ്പെട്ടു. മഹാദേവപുരയിലെ ഒരു വിലാസത്തിൽ 80 പേർ രജിസ്റ്റർ ചെയ്തതിന്റെ ഉദാഹരണവും കമ്മീഷന്റെ തന്നെ പട്ടികയിലെ രേഖകൾ പ്രകാരം പുറത്തു വന്നു.
പട്ടിക ചിത്ര രൂപത്തിലാക്കിയതോടെ ഇത്തരം പിഴവുകളും കൃത്രിമവും കണ്ടെത്തുന്നത് ചെലവേറിയതും വലിയ മനുഷ്യപ്രയത്നം ആവശ്യമുള്ളതുമായ പ്രവൃത്തിയാക്കി. തെരഞ്ഞെടുപ്പ് പട്ടികകൾ സുതാര്യ രേഖയാണ്. വോട്ടർമാരെ കുറിച്ചുള്ള രേഖ ഓരോ വോട്ടറുടെയും ജനാധിപത്യ സംവിധാനത്തിലെ സമ്മതിദാതാവ് എന്ന നിലയ്ക്കുള്ള അവകാശ രേഖയുമാണ്.









0 comments