ഒറ്റമുറിയുടെ വിലാസത്തിൽ 80 വോട്ടർമാർ
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി വോട്ട് മോഷ്ടിക്കുന്നു; കണക്കുകളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ര്ടയിലും കർണ്ണാടകയിലും വലിയ തോതിൽ വോട്ടേഴ്സ് ലിസ്റ്റിൽ ക്രിത്രിമം നടന്നു. ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ കണക്കും പാർടികൾക്ക് ലഭിച്ച വോട്ടും തമ്മിൽ അസാധാരണമായ പൊരുത്തക്കേടുകൾ ഉണ്ടായി. വോട്ട് ചേർത്തതിൽ തന്നെ വലിയ ക്രിത്രിമം നടന്നു. ഇവയിൽ എല്ലാം തെരഞ്ഞടുപ്പ് കമ്മീഷൻ ഉൾപ്പെട്ടു എന്ന് രാഹുൽ മാധ്യമങ്ങൾക്ക് മുമ്പാകെ കണക്കുകൾ നിരത്തി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുകയാണ് എന്ന് ആരോപിച്ച രാഹുൽ മഹാരാഷ്ട്രയിലെ കണക്കുകൾ നിരത്തി. അവിടെ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. വൈകുന്നേരം 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും അസാധാരണായി കുതിച്ചുയർന്നു. എന്നാൽ ഇവയുടെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നശിപ്പിച്ചു. രാഷ്ട്രീയ പാർടികൾ ആവശ്യപ്പെട്ടിട്ടും കമ്മിഷൻ വോട്ടർ പട്ടിക നൽകാൻ സന്നദ്ധമായില്ല. സിസിടിവി ദൃശ്യങ്ങൾ വരെ ഒന്നര മാസത്തിനകം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്. ബിജെപി ഇതര പാർടികൾക്ക് വിവരങ്ങൾ നൽകാതിരിക്കാൻ കമ്മിഷൻ നയം മാറ്റി.
ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തിയതായുള്ള ഭീമമായ കണക്കും രാഹുൽ അവതരിപ്പിച്ചു.
കർണാടകയിലും ക്രമക്കേട് നടന്നതായി രാഹുൽ പറഞ്ഞു. വ്യാജ വിലാസങ്ങളിൽ ഇല്ലാത്ത വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഈ തട്ടിപ്പിലൂടെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. ബാംഗ്ലൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപി അധികമായി മറിച്ചത്.
മഹാദേവപുരയിൽ വോട്ടുകൾ മറിച്ചത് എങ്ങിനെയെന്നും രാഹുൽ വിശദീകരിച്ചു. ഇവിടെ 11,965 ഇരട്ട വോട്ടുകളാണ് ചെയ്ത് പോയത്. മാത്രമല്ല വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമായി ഒരു വിലാസത്തിൽ തന്നെ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കണക്കുകൾ അവതരിപ്പിച്ചു. വീഡിയോ വാളിൽ കണക്കുകൾ സഹിതമായിരുന്നു അവതരണം.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ, 2014 മുതൽ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ട്. സർക്കാരിനെതിരെ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം ഉണ്ടാകും. അങ്ങനെയുള്ള സ്ഥലങ്ങളിൽപോലും ബിജെപിക്ക് ഭരണവിരുദ്ധ വികാരം അനുഭവിക്കേണ്ടിവരുന്നില്ല. ഹരിയാനയിൽ സംഭവിച്ചപോലെ, എക്സിറ്റ്പോളുകൾക്ക് വിരുദ്ധമായി വലിയ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നു. ഇതിൽ എല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒളിച്ചു കളിയുണ്ടെന്നും രാഹുൽ ആരോപിച്ചു.
പല വോട്ടർമാർക്കും വീട്ട് നമ്പർ പോലും ഇല്ല. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. 46 പേർ ഒറ്റ മുറിയിൽ കഴിയുന്ന മറ്റൊരു വിലാസവും കണ്ടെത്തി. വിലാസം അന്വേഷിച്ചപ്പോൾ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആർക്കും ഇവരെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. 40,009 തെറ്റായ മേൽവിലാസങ്ങൾ കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചില പട്ടികകളിൽ വോട്ടർമാരുടെ പടം ഇല്ല. വളരെ ചെറിയ രീതിയിൽ, തിരിച്ചറിയാനാകാതെ പടം നൽകിയ ലിസ്റ്റുകളുമുണ്ട് എന്ന് കണ്ടെത്താനായതായും രാഹുൽ പറഞ്ഞു.
70 വയസ്സുള്ള സ്ത്രീ ബെംഗളൂരുവിലെ വോട്ടർ പട്ടികയിൽ കന്നി വോട്ടറായി സ്ഥാനം പിടിച്ചതായും ചൂണ്ടികാട്ടി. പട്ടികയിൽ രണ്ടു തവണ ഇവരുടെ പേര് ചേർത്തിട്ടുമുണ്ട്. ഇവർ രണ്ടു തവണ വോട്ട് ചെയ്തതായും രാഹുൽ പറഞ്ഞു. വോട്ടർപട്ടികയിൽ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പിൽ മാത്രം 1,00,250 വോട്ടുകൾ കൃത്രിമം കാട്ടി മോഷ്ടിച്ചു. ഒരു മണ്ഡലത്തിൽ മാത്രം 40,000 വ്യാജവോട്ടർമാരെ കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു.
എക്സിറ്റ് പോളുകളിലെ വ്യത്യാസം ക്രിത്രിമം നടത്തിയതിന്റെ ഫലമാണ് എന്നും വിശദീകരിച്ചു. വോട്ടര്‍പട്ടികയുടെ ഇലക്ടോണിക് ഡാറ്റ നല്‍കാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.









0 comments