കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതെ ദുർ​ഗ് സെഷൻസ് കോടതി

NUN VBAIL
വെബ് ഡെസ്ക്

Published on Jul 30, 2025, 01:16 PM | 1 min read

ദുർ​ഗ് : ഛത്തീസ്​ഗഡിൽ ജയിലിൽ കിടക്കുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതെ ദുർ​ഗ് സെഷൻസ് കോടതി. ജാമ്യം പരി​ഗണിക്കാതെ മനുഷ്യകടത്ത് കേസിൽ എൻഐഎയോട് കേസെടുക്കുവാൻ നിർദേശിച്ചു. മനുഷ്യകടത്താണെന്ന് ആരോപിച്ച് അഞ്ച് അഭിഭാഷകരാണ് ബജ്‍രം​ഗ്‍ദളിനു വേണ്ടി കോടതിയിൽ വാദിച്ചത്. മനുഷ്യകടത്തായതുകൊണ്ട് സെഷൻസിൽ ജാമ്യം പരി​ഗണിക്കാനാവില്ലെന്നും അഭിഭാഷകർ വാദിച്ചു. തുടർന്ന് ജാമ്യം പരി​ഗണിക്കാതെ ഒഴിയുകയായിരുന്നു കോടതി. ജാമ്യമനുവദിച്ചില്ലെന്ന് അറിഞ്ഞ നിമിഷം മുതല്‍ കോടതി പരിസരത്ത് ജയ് ശ്രീ റാം മുഴക്കികൊണ്ട് ബജ്‍രം​​ഗ്‍ദള്‍ ആഹ്ലാദ പ്രകടനം നടത്തി.


ബജ്‍രം​​ഗ്‍ദളിന്റെ പ്രതിഷേധം കാരണം കേരളത്തിൽ നിന്നെത്തിയ കന്യാസ്ത്രീകളുടെ ബന്ധുക്കൾക്ക് കോടതി പരിസരത്തേക്ക് എത്തുവാനായില്ല. കോടതി പരിസരത്ത് രാവിലെ മുതൽ ബജ്‍രം​ഗ്‍ദളിന്റെ അണികൾ നിരന്നിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചായിരുന്നു ബജ്‍രം​ഗ്‍ദളിന്റെ പ്രകടനം.


അതേസമയം ജയിലിൽ കഴിയുന്ന കന്യാസ്ത്രിമാരുടെ അവസ്ഥ അതീവ ദയനീയമാണെന്ന് എഎ റഹീം എംപി ഫേസ്ബുക്കിൽ കുറിച്ചു.

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ എന്നാണ് സിസ്റ്റർമാരായ വന്ദനാ ഫ്രാൻസിസിനെയും പ്രീതി മേരിയെയും സംഘപരിവാർ അക്രമികൾ നേരിട്ടതെന്ന് കരഞ്ഞുകൊണ്ട് ബൃന്ദാകാരാട്ടിനോട് കന്യാസ്ത്രീകൾ പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു.


രോഗങ്ങൾ ഉളള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ഇതുവരെ നൽകിയിട്ടില്ല.കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ടു മാലാഖമാരും കഴിഞ്ഞതെന്നും റഹീം കൂട്ടിച്ചേർത്തു.
























deshabhimani section

Related News

View More
0 comments
Sort by

Home