ദുബെയുടെ വിവാദ പരാമർശം; കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോണി ജനറലിന് കത്ത്

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരായ ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം. ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ അറ്റോണി ജനറലിന് കത്തയച്ചു. അഭിഷാകൻ അനസ് തൻവീറാണ് കത്തയച്ചത്. ദുബെയുടെ പരാമർശങ്ങൾ അങ്ങേയറ്റം അവഹേളനം നിറഞ്ഞതും പ്രകോപനപരമാണെന്നും കത്തിൽ പറയുന്നു. അതേസമയം ദുബയ്ക്കെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.
രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്നായിരുന്നു ദുബെയുടെ വിവാദ പരാമർശം. രാജ്യത്ത് നടക്കുന്ന സിവിൽ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് എംപി പറഞ്ഞത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചൂപൂട്ടണമെന്നും ബിജെപി എംപി പറഞ്ഞു. മതസ്പർദ്ധയടക്കം രാജ്യത്ത് വളർത്തുന്നത് സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമാണ്. തന്റെ അധികാരപരിധി മറികടന്നാണ് സുപ്രീംകോടതി നീങ്ങുന്നത്. എല്ലാവർക്കും എല്ലാ ആവശ്യത്തിനായും സുപ്രീംകോടതിയെ സമീപിക്കാമെങ്കിൽ പാർലമെന്റ് അടച്ചിടണം- ദുബെ പറഞ്ഞു.
വഖഫ് നിയമത്തിനെതിരെയും സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെയും സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപിയും കേന്ദ്രസർക്കാരും ജുഡീഷ്യറിയെ കടന്നാക്രമിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി രംഗത്തെത്തുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ദുബെയുടെ വിവാദ പരാമർശം നടത്തിയത്. എക്സിൽ പങ്കുവെച്ച ഹിന്ദി പോസ്റ്റിലൂടെയാണ് സുപ്രീംകോടതിയെ അവഹേളിച്ചത്.









0 comments