കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചു; അരികിൽ വച്ച് ഉറങ്ങി: ആന്ധ്രയിൽ യുവാവ് ഗുരുതരാവസ്ഥയിൽ

പ്രതീകാത്മകചിത്രം
തിരുപ്പതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ യുവാവ് കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചെടുത്തു. തിരുപ്പതിയിലെ ശ്രീകാളഹസ്തിയിലാണ് സംഭവം. വിഷബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സയിലാണ്. വെങ്കിടേഷ് എന്ന യുവാവിനെയാണ് വീട്ടിലേക്ക് പോകുംവഴി പാമ്പുകടിച്ചത്. മദ്യലഹരിയിലായിരുന്ന വെങ്കിടേഷ് പാമ്പിനെ തിരിച്ചുകടിച്ച് തല മുറിച്ചെടുത്തു.
ബ്ലാക്ക് ക്രെയിറ്റ് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ കടിച്ച് തല മുറിച്ചെടുത്ത ശേഷം ചത്ത പാമ്പിനെ വെങ്കിടേഷ് വീട്ടിൽ കൊണ്ടുവന്നു. ശേഷം പാമ്പിനെ അടുത്തുവച്ച് ഉറങ്ങി. വിഷം ശരീരത്തിൽ പടർന്നതോടെ വെങ്കിടേഷിന്റെ ആരോഗ്യനില വഷളായി. കുടുംബാംഗങ്ങൾ ഉടൻ തന്നെ യുവാവിനെ ശ്രീകാളഹസ്തിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുപ്പതി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.









0 comments