ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്ത്; ആറു പേര്‍ ഡൽഹിയിൽ പിടിയിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ ആറുപേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ദുബായ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള ശ്യംഖലയാണിതെന്നും വിദേശത്തേക്ക് പണം എത്തിച്ചതായും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് 5.7 കിലോഗ്രാം കഞ്ചാവും മൂന്ന് വാഹനങ്ങളും രണ്ട് പാസ്‌പോർട്ടുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബാങ്കോക്കിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് 'ഒജി ഗഞ്ച' (ഹൈ ക്വാളിറ്റി കന്നാബിസ്) വാങ്ങിയ സംഘം ഡൽഹി-എൻസിആറിൽ കിലോഗ്രാമിന് 6.7 ലക്ഷം രൂപയ്ക്ക് വിറ്റതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം) ഹർഷ് ഇന്തോറ പറഞ്ഞു. ഈ പണം ദുബായ് ആസ്ഥാനമായുള്ള ഇഷാൻ എന്ന ഹാൻഡ്‌ലർക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയതായും ഡിസിപി പറഞ്ഞു.
വിദേശ യാത്രകൾ, കമീഷൻ, പണം എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ സ്വാധീനിച്ച ശേഷം അവരെ ബാങ്കോക്കിലേക്ക് കൊണ്ടുപോയി. തുടർന്ന് കഞ്ചാവ് പാക്കറ്റുകൾ ഡൽഹി, അമൃത്സർ, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെ വിതരണം ചെയ്യുകയായിരുന്നു രീതി.
തിലക് നഗറിൽ നിന്നുള്ള വസ്ത്രക്കട ഉടമ മെഹ്‌രാജ് ഖാൻ (42), നിലോതിയിൽ നിന്നുള്ള മുൻ ട്രാവൽ ഏജന്റ് പ്രതാപ് സിംഗ് (32), അസംഗഡിൽ നിന്നുള്ള മുൻ ബാങ്കോക്ക് നിവാസിയായ അനിൽ കുമാർ സിംഗ് (37), ചന്ദർ വിഹാറിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ സുർജീത് സിംഗ് (34), വികാസ് പുരി എക്സ്റ്റൻഷനിൽ നിന്നുള്ള കാരിയർ ഹർപ്രീത് സിംഗ് (27), നിഹാൽ വിഹാറിൽ നിന്നുള്ള ഓട്ടോ ഡ്രൈവർ രാജ്വന്ത് സിംഗ് (49) എന്നിവരാണ് കേസിൽ ഇതുവരെ പിടിയിലായത്.
ആഗസ്ത് 26 ന് കേശോപൂർ മണ്ടിയിൽ നിന്ന് പ്രതാപ് സിംഗിനെയും മെഹ്‌രാജ് ഖാനെയും പിടികൂടിയതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. രണ്ട് കാറുകളിലായി ഒളിപ്പിച്ച 3.708 കിലോഗ്രാം മയക്കുമരുന്നുമായാണ് ഇരുവരും പൊലീസ് പിടിയിലായത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെ സിൻഡിക്കേറ്റിന്റെ പ്രധാന വിതരണക്കാരനായ അനിൽ കുമാർ സിങ്ങിനെ ഹൈദരാബാദിൽ നിന്ന് പൊലീസ് പിടികൂടി.
തിങ്കളാഴ്ചയാണ് അനിൽ അറസ്റ്റിലായതെന്നും ഉത്തർപ്രദേശിലെ അസംഗഡിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ കാറിൽ നിന്ന് 2.029 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായും ഡിസിപി പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ ചൊവ്വാഴ്ച ഡൽഹിയിലെ ചന്ദർ വിഹാറിൽ നിന്ന് ഹർപ്രീത് സിംഗ്, രാജ്വന്ത് സിംഗ്, സുർജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. ദുബായ് ആസ്ഥാനമായുള്ള ഹാൻഡ്‌ലറെയും കാർട്ടലിന്റെ മറ്റ് അന്താരാഷ്ട്ര കണ്ണികളെയും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാമെന്ന് പൊലീസ് പറഞ്ഞു.









0 comments