ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തതായി റിപ്പോർട്ട്. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചുവെന്നത് ഇന്ത്യ സ്ഥിരീകരിച്ചു.
ശ്രീനഗറിൽ ബട്ടവാര പ്രദേശത്ത് സൈനിക ക്യാമ്പിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണം സുരക്ഷാ സേന തകർത്തു. ഇതേ തുടർന്ന് നഗരത്തിൽ നിരന്തരം സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. പതിനഞ്ച് മിനിറ്റിന്റെ ഇടവേളയിൽ ശബ്ദങ്ങൾ ഉണ്ടാവുകയും ഡ്രോണുകൾ തകർക്കുന്നതിന്റെ ദൃശ്യം ആകാശത്ത് കണ്ടുവെന്നും പ്രദേശവാസികളെ ഉദ്ദരിച്ച് വാർത്താ എജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ഉത്തര കാശ്മീരിലെ ബാരാമുള്ളയിൽ രാത്രി 8.20-ഓടെ ഡ്രോൺ പ്രത്യക്ഷപ്പെട്ടു. അനന്ത്നാഗ് ഹൈ ഗ്രൗണ്ടിലെയും, വെരിനാഗ്, ബന്ദിപോര, സഫാപോര തുടങ്ങിയ പ്രദേശങ്ങളിലും ഡ്രോൺ സാന്നിധ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം ആക്രമണ ശ്രമങ്ങൾ സൈന്യം തകർത്തതായാണ് സൈനിക സ്രോതസുകൾ വ്യക്തമാക്കുന്നത്. ജമ്മുവിലും ഉധംപൂർ ജില്ലയിലുമായി ഡ്രോണുകൾ കണ്ടതിന്റെ പിന്നാലെ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ അറിയിച്ചു. ചില ഭാഗങ്ങളിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയായതായി ഇന്ത്യ സ്ഥിരീകരിച്ചത്. കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികളും നിർത്തണമെന്നായിരുന്നു ധാരണ. എന്നാൽ രാത്രിയോടെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം ഉണ്ടാകുകയായിരുന്നു. ആക്രമണം നടന്നതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിക്കുന്നുണ്ട്. ജമ്മുവിലെ ആർഎസ്പുര, അഖ്നൂർ, രാജൗരിയിലെ നവ്‌ഷേര എന്നിവിടങ്ങളിലായി നിയന്ത്രിത രേഖയിലും അതിർത്തി ഭാഗങ്ങളിലും ചെറിയ തോതിലുള്ള വെടിവെപ്പുകളും ഷെല്ലിങ്ങും നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലും ഡ്രോണാക്രമണ ശ്രമങ്ങൾ സൈന്യം തകർത്തെന്നാണ് ലഭ്യമാകുന്ന വിവരം









0 comments