print edition കരട് വൈദ്യുതി ഭേദഗതി ബിൽ: ജനാധിപത്യ മര്യാദയുടെ ലംഘനം; സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: വൈദ്യുതി ഭേദഗതി ബിൽ 2025ന്റെ കരട് പുറത്തിറക്കാൻ അനുമതി നൽകിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യമര്യാദ ലംഘിച്ചിരിക്കയാണെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). 736 കർഷകർ രക്തസാക്ഷിത്വം വഹിച്ച ഐതിഹാസിക കർഷക പ്രക്ഷോഭം അവസാനിപ്പിച്ചുകൊണ്ടുള്ള ധാരണയിൽ എസ്‌കെഎമ്മുമായി കൂടിയാലോചന നടത്താതെ നിയമനിർമാണത്തിലേക്ക് നീങ്ങില്ലെന്ന് മോദി സർക്കാർ ഉറപ്പുനൽകിയിരുന്നു. വാക്കുപാലിക്കാതെയും കൂടുതൽ വഞ്ചനാപരമായ പദ്ധതികൾ ഉൾപ്പെടുത്തിയുമാണ് ബിൽ പുറത്തിറക്കിയത്. തീവ്രമായ ഇത്തരം സ്വേച്ഛാധിപത്യ നടപടികൾ കർഷകർ അംഗീകരിക്കില്ല.
വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവൽക്കരണം, വാണിജ്യവൽക്കരണം, കേന്ദ്രീകരണം എന്നിവ ലക്ഷ്യമിട്ടാണ് ബിൽ തയ്യാറാക്കിയത്. അതിലൂടെ സ്വകാര്യമേഖലയ്‌ക്ക് കൊള്ളലാഭമുണ്ടാവുകയും പൊതുമേഖല നഷ്‌ടത്തിലാവുകയും ചെയ്യും. ക്രോസ് സബ്സിഡികൾ നീക്കം ചെയ്യുന്നത് സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വർധിക്കാനും കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടാനും കാരണമാകും.
സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണിത്. പുതിയ ബിൽ വൈദ്യുതി മേഖലയിലുള്ളവരുടെ ജോലി നഷ്‌ടപ്പെടുന്നതിനുൾപ്പെടെ കാരണമാകും. വൈദ്യുതി ജനങ്ങളുടെ അവകാശമാണ്. കച്ചവട വസ്‌തുവല്ല. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് എസ്‌കെഎം ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകരും വൈദ്യുതി മേഖലയിലെ തൊഴിലാളികളും എൻജിനീയർമാരും മുഴുവൻ ജനാധിപത്യ കക്ഷികളും ഇൗ ബില്ലിനെതിരായ പ്രതിരോധത്തിൽ യോജിക്കണമെന്നും എസ്‌കെഎം പ്രസ്‌താവനയിൽ അഭ്യർഥിച്ചു.









0 comments