സ്‌ത്രീധന കൊലപാതകം കൂടുതൽ യുപിയിൽ ; ദിനംപ്രതി 20 പേർ കൊല്ലപ്പെടുന്നു

ന്യൂഡൽഹി
ഇന്ത്യയിൽ സ്‌ത്രീധനപീഡനത്തെ തുടർന്നുള്ള കൊലപാതകങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022ൽ രാജ്യത്ത് 6,516 പേരാണ് സ്‌ത്രീധന പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. യുപിയിൽ 2,138 പേർ കൊല്ലപ്പെട്ടു. ബിഹാറിൽ 1,057, മധ്യപ്രദേശിൽ 518, പശ്ചിമ ബംഗാളിൽ 472 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്.
2017–22 കാലയളവിൽ രാജ്യത്ത് 35,493 സ്‌ത്രീകൾ സ്‌ത്രീധന പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ട്. ദിനംപ്രതി 20 സ്‌ത്രീകളാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്.
60,577 കേസുകളാണ് സ്‌ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 2022 അവസാനം കോടതിയിലുണ്ടായത്. വിചാരണ പൂർത്തിയായത് 3,689 കേസുകളിൽ മാത്രം. ശിക്ഷ വിധിച്ചത് 33 ശതമാനം കേസുകളിൽ. 1961ലെ സ്‌ത്രീധന നിരോധന നിയമമനുസരിച്ച് 2018, 2019, 2020 വർഷങ്ങളിൽ യഥാക്രമം 12,826, 13,307, 10,366 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.









0 comments