കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുത്; കോടതിക്കു മുന്നിൽ ബജ്രംഗ്ദള് പ്രകടനം

ഫോട്ടോ : പിവി സുജിത്ത്
ദുർഗ് : ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ബജ്‌രംഗ്‌ദളിന്റെ പ്രകടനം. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ പ്രതിഷേധം. ജയ് ശ്രീറാം വിളികൾ കോടതിയ്ക്കു മുന്നിൽ മുഴങ്ങി. ജ്യോതി ശർമയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ദുർഗ സെഷൻ കോടതിക്കുമുന്നിലാണ് പ്രതിഷേധം.
ജാമ്യം അനുവദിച്ചാൽ അപ്പീലുപോകുമെന്നും ബജ്‌രംഗ്‌ദൾ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അപ്പീല്‍ പോകുവാനുള്ള വക്കീലുമായാണ് എത്തിയിട്ടുള്ളത് അവിടെ നടന്നത് മതപരിവർത്തനം തന്നെയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബജ്രംഗദൾ ആരോപിച്ചു. ബജ്‌രംഗ്‌ദൾ പ്രവർത്തകർ തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ വന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ജയിലിൽ കിടക്കുന്ന കന്യാസ്ത്രികളുടെ ബന്ധുക്കൾക്ക് കോടതി പരിസരത്തുപോലും എത്താനാവാത്ത സ്ഥിതിയാണ്. കേരളത്തിൽ നിന്നെത്തിയ ബന്ധുക്കൾ ബജ്‌രംഗ്‌ദളിന്റെ പ്രതിഷേധത്തിൽ ഭയന്നാണ് കോടതിയിൽ പ്രവേശിക്കാനാകാഞ്ഞത്.
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ് മതസ്വാതന്ത്ര്യ നിയമം–നാലാം വകുപ്പ്), മനുഷ്യക്കടത്ത് (ഭാരതീയ ന്യായ സംഹിത– 143–-ാം വകുപ്പ്), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ് 152–-ാം വകുപ്പ്) തുടങ്ങി ഗുരുതര വുകപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ് കന്യാസ്‌ത്രീകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
കന്യാസ്ത്രീകൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്‌ഐആറിൽ പൊലീസ് ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട് ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്.









0 comments