ബംഗളൂരുവിൽ ഗുണ്ടാ നേതാവിന്റെ മകന് വെടിയേറ്റു

ബംഗളൂരു: ബംഗളൂരുവിൽ ഗുണ്ടാ നേതാവിന്റെ മകന് വെടിയേറ്റു. 2020ൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് മുത്തപ്പ റായ്‍യുടെ മകൻ റിക്കി റായ്ക്കാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ആക്രമണമുണ്ടായത്. ബിഡദിയിലെ ഫാം ഹൗസിൽ നിന്ന് ബംഗളൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആയുധധാരികളായ സംഘം റിക്കിക്ക് നേരെ വെടിയുതിർത്തത്.
റിക്കിയുടെ ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ റിക്കിയുമായി ശത്രുതയുള്ള ഏതോ ഗുണ്ടാസംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.
റിക്കി റായി നിരവധി കേസുകളിൽ പ്രതിയാണ്. കർണാടകയിലെ നിരവധി ഗുണ്ടാസംഘങ്ങളുമായി റിക്കിക്ക് ശത്രുതയുണ്ടായിരുന്നു. ഇയാൾ വിദേശത്ത് താമസിക്കുകയായിരുന്നെന്നും അടുത്തിടെയാണ് ബംഗളുരുവിൽ തിരിച്ചെത്തിയതെന്നുമാണ് വിവരം.









0 comments