നീറ്റ് പിജി: തദ്ദേശീയ സംവരണം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : അഖിലേന്ത്യ മെഡിക്കൽ പിജി പ്രവേശന പരീക്ഷ ( നീറ്റ് പിജി) യിൽ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീംകോടതി. സംസ്ഥാന ക്വാട്ടയിൽ തദ്ദേശീയർക്ക് നൽകുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും തുല്യതയ്ക്കുമുള്ള ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാൻശു ധൂലിയ, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്. ചില സാഹചര്യങ്ങളിൽ നീറ്റ് യുജി പ്രവേശനത്തിൽ ഈ സംവരണം അനുവദിക്കാമെങ്കിലും പിജി പ്രവേശനത്തിൽ അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന ക്വാട്ടയിലും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. മുഴുവൻ സീറ്റുകളിലേക്കും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് പ്രവേശനം നേടാനാവണം. ഇതുവരെയുള്ള നീറ്റ് പ്രവേശനങ്ങളെ വിധി ബാധിക്കില്ല. എല്ലാവരും ഇന്ത്യൻ പൗരൻമാരാണെന്നും ഇന്ത്യയിൽ എവിടെ താമസിക്കാനും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആർട്ടിക്കിൾ 14 ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള അവകാശം ഈ സംവരണത്തിലൂടെ നിഷേധിക്കപ്പെടുമെന്നും കോടതി പറഞ്ഞു.









0 comments