19 മണിക്കൂർ 
 ; ഡോക്കിങ്‌ 
നിർണായകം

docking
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Jun 26, 2025, 02:41 AM | 1 min read


ശുഭാംശു ശുക്ലയടക്കം നാല്‌ പേരുമായി ബഹിരാകാശത്ത്‌ സുഗമമായി എത്തിയ ആക്‌സിയം 4 ദൗത്യ പേടകം വ്യാഴാഴ്‌ചയാണ്‌ ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്യുക. വിക്ഷേപണത്തിനുശേഷം 19 മണിക്കൂർ ഭൂമിയെ വലംവയ്‌ക്കുന്ന ഡ്രാഗൺ പേടകത്തെ പടിപടിയായി പഥം ഉയർത്തിയാകും നിലയത്തിനടുത്ത്‌ എത്തിക്കുക. ‘നിലയത്തിനെ പിന്നാലെ ഓടിപ്പിടിക്കുക’ എന്നു പറയാം. ഏറെ സങ്കീർണമായ സാങ്കേതിക വിദ്യയാണിത്‌. മിഷൻ ടെസ്‌റ്റ്‌ പൈലറ്റായ ശുക്ലക്കാണ്‌ ഇതിന്റെ മുഖ്യചുമതല. നാസ ഗ്രൗണ്ട്‌ സ്‌റ്റേഷൻ, ബഹിരാകാശ നിലയം എന്നിവയുടെ സഹായത്തോടെയാണ്‌ ഡോക്കിങ്‌ സാധ്യമാക്കുക. ഒപ്പമുള്ള മിഷൻ കമാൻഡർ പരിചയ സമ്പന്നയായ പെഗ്ഗിവിറ്റ്‌സന്റെ സഹായവും ലഭിക്കും. 257 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 26,800 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ നിയന്ത്രിച്ച്‌ 400 കിലോമീറ്റർ ഉയരത്തിലുള്ള നിലയവുമായി ബന്ധിപ്പിക്കണം. ഡോക്കിങിനായുള്ള ഒരുക്കങ്ങൾ നിലയത്തിലും പൂർത്തിയാക്കി. നിലവിൽ നിലയത്തിൽ ഏഴുപേരുണ്ട്‌.


വ്യാഴം ഉച്ചയോടെ പേടകം നിലയവുമായി കൂടുതൽ അടുക്കും. ഡോക്കിങ്‌ പൂർത്തിയായാൽ നാല്‌ പേരും ഒരു മണിക്കൂറിനുള്ളിൽ നിലയത്തിനുള്ളിൽ പ്രവേശിക്കും. തുടർന്നുള്ള ദിവസങ്ങൾ അവർ മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം, സസ്യശാസ്‌ത്രം തുടങ്ങി 60 ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തും. 31 രാജ്യങ്ങളാണ്‌ ഇവയിൽ പങ്കാളികളാകുന്നത്‌. ബഹിരാകാശത്ത്‌ ബാക്ടീരിയയുടെയും മൈക്രോ ആൽഗകളുടെയും വളർച്ച, ഭക്ഷ്യവിളകളുടെ വളർച്ചയിലും വിളവിലും ഗുരുത്വാകർഷണത്തിന്റെ സ്വാധീനം, വിത്തുകളിലുണ്ടാകുന്ന മാറ്റം, പാരാ മക്രോബയോട്ടസ് സൂക്ഷ്‌മജീവിയുടെ അതിജീവനം, പുനരുൽപ്പാദനം, മൈക്രോഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തിൽ മെറ്റബോളിക് സപ്ലിമെന്റുകളുടെ സ്വാധീനം, ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായുള്ള മനുഷ്യന്റെ ഇടപെടൽ എന്നിങ്ങനെ ഏഴ്‌ പരീക്ഷണങ്ങളാണ്‌ ശുഭാംശു ശുക്ല നടത്തുക. കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിൽ നിന്നുള്ള നെൽവിത്തുകളായ ജ്യോതി ഉമയും, കനകമണി കുറ്റിപ്പയർ, തിലകതാര എള്ള്‌, സൂര്യ വഴുതന, വെള്ളായണി വിജയ്‌ തക്കാളി എന്നിവയെല്ലാം നിലയത്തിലേക്ക്‌ കൊണ്ടുപോയിട്ടുണ്ട്‌. വിത്തുകൾ മടക്കികൊണ്ടുവന്ന്‌ ഭൂമിയിൽപാകി കിളിർപ്പിക്കും. ബഹിരാകാശയാത്രകളിൽ ഉപയോഗിക്കാൻ കഴിയുന്ന വിത്തിനങ്ങളും സസ്യങ്ങളും വികസിപ്പിക്കുകയും സീറോ ഗ്രാവിറ്റിയിൽ അത്യുത്‌പാദന ശേഷിയുള്ള വിളകൾ വിളയിക്കുകയുമാണ്‌ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home