നിയമസഭയിൽ ആർഎസ്എസ് ഗീതം ആലപിച്ച് ഡി കെ ശിവകുമാർ; പ്രോത്സാഹിപ്പിച്ച് ബിജെപി; പിന്നാലെ വിശദീകരണം

ബംഗളൂരൂ : നിയമസഭയിൽ ആർഎസ്എസ് ഗീതം ആലപിച്ച് വിവാദത്തിലായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഡി കെ ശിവകുമാർ ആർഎസ്എസ് ഗീതം ആലപിക്കുന്നതും ബിജെപി എംഎൽഎമാർ പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസിനെ പരാമർശിച്ചതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ഉപമുഖ്യമന്ത്രി ആർഎസ്എസ് ഗീതം ആലപിച്ചതോടെ കോൺഗ്രസ് വെട്ടിലായി. ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഡി കെ ശിവകുമാർ ഒരു ആർഎസ്‌എസ് ഗീതം ആലപിച്ചത്. ബിജെപി നിയമസഭാംഗങ്ങൾ മേശയിൽ അടിച്ചുകൊണ്ട് ഗീതത്തെ സ്വാഗതം ചെയ്തു. കോൺഗ്രസ് അംഗങ്ങളെല്ലാം നിശബ്ദമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം.
73 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉപമുഖ്യമന്ത്രി നമസ്തേ സദാ വത്സലേ മാതൃഭൂമി എന്ന ആർഎസ്‌എസ് ഗീതം ആലപിക്കുന്നത് കാണാം. ആർഎസ്എസിനെതിരെ മുമ്പ് പരാമർശങ്ങൾ നടത്തിയിട്ടുള്ള ഡി കെ ശിവകുമാർ ആർഎസ്എസ് ഗീതം ആലപിച്ചത് ബിജെപി നേതാക്കൾ ആയുധമാക്കിയിട്ടുണ്ട്. ഭൂരിഭാഗം നേതാക്കളും ഇപ്പോൾ ആർഎസ്‌എസിനെ പ്രശംസിക്കുന്നുവെന്നാണ് ബിജെപിയുടെ വാദം.
വീഡിയോ വിവാദമായതോടെ താൻ ജനനം മുതൽ കോൺഗ്രസുകാരനാണെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നുമുള്ള വിശദീകരണവുമായി ശിവകുമാർ രംഗത്തെത്തി. "ഞാൻ ജന്മനാ ഒരു കോൺഗ്രസുകാരനാണ്. ബിജെപിയുമായി കൈകോർക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ഞാൻ കോൺഗ്രസിനെ നയിക്കും. ജീവിതകാലം മുഴുവൻ ഞാൻ കോൺഗ്രസിനൊപ്പമായിരിക്കും"- ശിവകുമാർ പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വ്യാപകമായ ചർച്ച ആരംഭിച്ചു. കോൺഗ്രസ് നേതൃത്വത്തിന് ഡി കെ ശിവകുമാർ നൽകുന്ന സൂചനയാണ് ഇതെന്നും ഉടൻ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.









0 comments