ബിൽ അടയ്ക്കാതെ ഹോട്ടലിൽ നിന്ന് മുങ്ങി; ഗതാഗതക്കുരുക്കിൽ പെട്ട വിനോദസഞ്ചാരികളെ പിടികൂടി പൊലീസ്

രാജസ്ഥാൻ: ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റെ ബിൽ തുകയായ 10,900 രൂപ നൽകാതെ മുങ്ങിയ വിനോദസഞ്ചാരികളെ നഗരത്തിലെ ഗതാഗതക്കുരുക്കിൽ വെച്ച് പൊലീസ് പിടികൂടി. രക്ഷപ്പെടുന്നതിനിടെ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതാണ് ഇവർക്ക് വിനയായത്. ഗുജറാത്ത് സ്വദേശികളായ നാല് പേരടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്.
മൗണ്ട് അബുവിന് അടുത്തുള്ള സിയാവയിലെ 'ഹാപ്പി ഡേ' ഹോട്ടലിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച ശേഷം, ബിൽ നൽകേണ്ട സമയമായപ്പോൾ സംഘം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അതിവേഗം ഹോട്ടലിൽ നിന്ന് പുറത്തുകടന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തട്ടിപ്പ് മനസ്സിലാക്കിയ ഹോട്ടൽ മാനേജ്‌മെന്റ് ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. ഹോട്ടൽ ജീവനക്കാരിൽ നിന്ന് ലഭിച്ച കാറിന്റെ വിവരങ്ങൾ വെച്ച് പൊലീസ് സമീപ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി.
ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട വാഹനം തിരക്കേറിയ ഒരു ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കാർ തിരിച്ചറിഞ്ഞ് യാത്രികരെ പിടികൂടുകയുമായിരുന്നു.
സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിൽ തുക അടയ്ക്കാതിരുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. ബിൽ തുകയായ 10,900 രൂപ ഈ സംഘം പിന്നീട് അടച്ചു. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments