പിന്നിൽ അസാധാരണ ശക്തി കേന്ദ്രം
ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; പൊലീസ് സ്റ്റേഷനിലെ രേഖകളും അപ്രത്യക്ഷമായി

മംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ കേസിലെ ദുരൂഹത തുടരവെ ഇവിടെ സംഭവിച്ച മരണങ്ങൾ സംബന്ധിച്ച പൊലീസ് രേഖകൾ അപ്രത്യക്ഷമായതായി വിവരാവകാശ രേഖ. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്‌റ്റേഷനിൽ നിന്ന് മാറ്റിയതായുള്ള വിവരമാണ് പുറത്തു വന്നത്.
വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങൾ പുറത്ത് കൊണ്ടുവരാനായി പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റി ഭാരവാഹിയുമായ ജയന്ത് നൽകിയ അപേക്ഷയിലാണ് പോലീസില്‍നിന്ന് ഈ മറുപടി ലഭിച്ചത്.
അസ്വാഭാവിക മരണ രജിസ്റ്ററിൽ (യുഡിആർ) നിന്ന് എല്ലാ എൻട്രികളും ഇല്ലാതാക്കി. "പതിവ് ഭരണപരമായ ഉത്തരവുകൾ" പ്രകാരം എന്നാണ് വിശദീകരണം.
1995 മുതല്‍ 2014 വരെയുള്ള കാലയളവിൽ ധര്‍മസ്ഥലയിൽ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലാണ് അന്വേഷണ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ദലിത് വിഭാഗക്കാരനായ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് രാജ്യ ശ്രദ്ധയിൽ എത്തിയ അന്വേഷണം.
ബെൽത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നീക്കംചെയ്‌തെന്ന വിവരവും ഇപ്പോൾ പുറത്തു വരികയാണ്.
ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും അസ്വാഭാവികമരണങ്ങളുടെ വിവരങ്ങളും അജ്ഞാതമൃതദേഹങ്ങളുടെ വിവരങ്ങളും ഉൾപ്പെടുന്നതാണ് സ്റ്റേഷൻ രേഖകൾ. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഇവരുടെ ചിത്രങ്ങള്‍, ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം നീക്കി എന്നായിരുന്നു പോലീസിന്റെ മറുപടി. കാണാതായവരുടെ പരാതികളും ചിത്രങ്ങളും നശിപ്പിച്ചെന്നും ഇതോടെ കണ്ടെത്തി. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഉത്തരവിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ രേഖകള്‍ സ്റ്റേഷനില്‍നിന്ന് നശിപ്പിച്ചതെന്നും പൊലീസ് അവകാശപ്പെട്ടിരിക്കുന്നു.
ഒരു വെളിപ്പെടുത്തൽ കൂടി
വിവരാവകാശപ്രവര്‍ത്തകനായ ജയന്തും പുതിയ പരാതിയുമായി പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു.
Related News
അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല
പരാതിക്കാരനായ ശുചീകരണ തൊഴിലാളി ചൂണ്ടികാണിച്ച 13 ഇടങ്ങളിൽ ആറ് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥലങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചില്ല. ആറാമത്തെ സ്ഥലത്ത് നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കയാണ്. മൃതദേഹങ്ങൾ മറവുചെയ്യാൻ തന്നെ നിർബന്ധിച്ചെന്നും, പോലീസിനെ സമീപിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശുചീകരണ തൊഴിലാളി നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 4-ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തിരയുന്നത് എവിടെ
ചൂണ്ടികാണിച്ചവയിൽ ആദ്യത്തെ എട്ട് സ്ഥലങ്ങൾ നേത്രാവതി നദിയുടെ തീരത്താണ്. 9 മുതൽ 12 വരെയുള്ള സ്ഥലങ്ങൾ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്.
പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ്, ശേഷിക്കുന്ന രണ്ടെണ്ണം, 14 ഉം 15 ഉം, ഹൈവേയ്ക്ക് സമീപമുള്ള കന്യാടി പ്രദേശത്തുമാണ് എന്നാണ് വിവരം.
പരിശോധനയ്ക്കിടെ കണ്ടെത്തിയ എടിഎം കാർഡും പാൻ കാർഡും ബെംഗളൂരുവിനടുത്ത് നെലമംഗലയിലെ ഒരു കുടുംബത്തിന്റേതാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പില്ല.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട എല്ലാ അസ്വാഭാവിക മരണങ്ങൾ, തിരോധാനങ്ങൾ, ലൈംഗികാതിക്രമ കേസുകൾ എന്നിവ അന്വേഷിക്കാൻ കർണാടക സർക്കാർ ജൂലൈ 19 നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വലിയ രാഷ്ട്രീയ കോലാഹലവും പ്രതിഷേധവും ഉയരുകയും മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തോടെയായിരുന്നു നീക്കം.

ഭീഷണി മുഴക്കിയത് കൂട്ടിച്ചേർത്ത ഉദ്യോഗസ്ഥൻ
മണിപ്പാൽ മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിയായിരിക്കെ22 വർഷം മുമ്പ് ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട അനന്യയുടെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകൻ എൻ മഞ്ചുനാഥാണ് പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിവരം പുറത്ത് വിട്ടത്. ഇദ്ദേഹം നിയമപരമായി അന്വേഷണ സംഘത്തോട് ഒപ്പം ഉണ്ട്. വെള്ളിയാഴ്ച രാത്രി ബെൽത്തങ്ങാടിയിലെ എസ്ഐടി ക്യാമ്പിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്നാണ് അഭിഭാഷകൻ നൽകിയ പരാതിയിൽ പറയുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിൽ(എസ്‌ഐടി) അംഗമായ ഉത്തര കന്നട ജില്ലയിലെ സിർസി റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ചുനാഥ് ഗൗഡയാണ് പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 20 പേരെ കൂടി ഉൾപ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചപ്പോൾ പ്രത്യേകം ചേർക്കപ്പെട്ട ഉദ്യോഗസ്ഥനാണിത്.
സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ച ശേഷം അവിടെ വെച്ച് അറസ്റ്റ് ചെയ്യുമെന്നും ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പുറത്തുനിന്നുള്ള പ്രേരണക്ക് വിധേയമായാണ് വെളിപ്പെടുത്തൽ നടത്തിയത് എന്ന് മൊഴിതിരുത്താൻ സമ്മർദം ചെലുത്തിയാണ് ഭീഷണി. ആദ്യ ആരോപണങ്ങൾ പിൻവലിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യാൻ ഇൻസ്‌പെക്ടർ സാക്ഷിയോട് ആവശ്യപ്പെട്ടതായും ആരോപിക്കുന്നു.
കോടതിയിലും അസാധാരണ നടപടി
ബംഗളൂരുവിലെ 10-ാം അഡീഷണൽ സിറ്റി സിവിൽ സെഷൻസ് കോടതിയിലെ ജഡ്ജിയായ ബി വിജയ കുമാർ റായ് കൂട്ട ശവസംസ്കാരം സംബന്ധിച്ച കേസ് തുടർന്ന് പരിഗണിക്കുന്നതിൽ നിന്ന് മാറിയിരുന്നു.
രാജ്യസഭാ എംപി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരൻ ഡി ഹർഷേന്ദ്ര കുമാർ നൽകിയ കേസ് തുടർ നടപടി സ്വീകരിക്കുന്നതിന് പ്രധാന സിറ്റി സിവിൽ സെഷൻസ് ജഡ്ജിയുടെ മുമ്പിലേക്കാണ് മാറ്റി നൽകിയത്.
ധർമ്മ സ്ഥലയുമായി ബന്ധപ്പെട്ട വാർത്തകളുടെ 8,842 ലിങ്കുകൾ നീക്കാൻ ഇദ്ദേഹം ഏകപക്ഷീയ (ex parte) ഉത്തരവിറക്കിയിരുന്നു. ഇത് വിമർശനങ്ങൾക്ക് ഇടയാക്കി.
ധർമസ്ഥല ക്ഷേത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജഡ്ജി പഠിച്ചിരുന്നുവെന്നും, ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ പ്രതിനിധീകരിച്ച നിയമ ഓഫീസിൽ ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നു.
ജൂലൈ 24-ന്, മാധ്യമ പ്രവർത്തകൻ നവീൻ സൂരിന്ജെയും പ്രവർത്തകരായ മുനീർ കാട്ടിപ്പള്ളയും ബൈരപ്പ ഹരീഷ് കുമാറും ചേർന്ന് ജൂലൈ 18-ന് കോടതി പുറപ്പെടുവിച്ച ഓർഡർ ചോദ്യം ചെയ്തു.
ജഡ്ജി വിജയ കുമാർ റായ് ബി 1995 മുതൽ 1998 വരെ ധർമസ്ഥല മഞ്ജുനാഥേശ്വര ട്രസ്റ്റിന്റെ കീഴിലുള്ള കോളേജിൽ പഠിച്ചിരുന്നുവെന്നും, ഹർഷേന്ദ്ര കുമാറിന്റെ ഹർജിയിലും ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിലും ധർമസ്ഥല സ്ഥാപനങ്ങൾ പരാമർശിച്ചിരിക്കുന്നതായും പരാതിക്കാരൻ നവീൻ ചൂണ്ടിക്കാട്ടി.
ഡി. ഹർഷേന്ദ്ര കുമാർ SDM ലോ കോളേജിന്റെ മാനേജ്മെന്റ് ബോർഡിലെ സെക്രട്ടറി കൂടിയാണ്, അദ്ദേഹത്തിന്റെ സഹോദരൻ ഡി വീരേന്ദ്ര ഹെഗ്ഗഡെ പ്രസിഡന്റ് ആണ്. അദ്ദേഹം ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലെ ധർമാധികാരിയും ആണ് എന്നും പരാതിക്കാരൻ ചൂണ്ടി കാട്ടി.
2004-ൽ, മാധ്യമ പ്രവർത്തകനായ ബി.വി. സീതാറാമിനെതിരെ വി. ഹെഗ്ഗഡെ മംഗളൂരു ജുഡീഷ്യൽ മജിസ്ട്രേറ്റ് ക്ലാസ് - III കോടതിയിൽ കേസുനൽകിയപ്പോൾ, ജഡ്ജി വിജയ കുമാർ റായ് പി പി ഹെഗ്ഡെയുടെ കീഴിൽ ജൂനിയറായിരുന്നുവെന്നും പരാതിയിൽ ഉന്നയിച്ചു. ബി.വി. സീതാറാം "കരാവളി അളെ" എന്ന കന്നഡ പത്രത്തിന്റെ എഡിറ്ററാണ്.
എന്നാൽ താൻ SDM ലോ കോളേജിൽ പഠിച്ചിരുന്നുവെന്നും ഹർഷേന്ദ്ര കുമാറിനെ താൻ ഒരിക്കലും നേരിട്ടോ അല്ലാതെയോ കണ്ടിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ജൂലൈ 18-ന് ഹർഷേന്ദ്ര കുമാർ കോടതി സമീപിച്ച ഹർജിയിൽ, ധർമസ്ഥലയിലെ കൂട്ടശവസംസ്കാര വാർത്തകളെക്കുറിച്ചുള്ള റിപ്പോർട്ടിംഗ് തടയാനും 8,842 ലിങ്കുകൾ നീക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവാദം കേൾക്കാതെ അനുവദിച്ച താൽക്കാലിക ഉത്തരവാണ് ഇതിന് നൽകിയത്. അന്ന് തന്നെ ജഡ്ജി വിജയ കുമാർ റായ് 8,842 ലിങ്കുകൾ നീക്കാൻ ഉത്തരവിട്ടു. ഹർജിയിൽ വ്യക്തമായി പേരെടുത്തിട്ടില്ലാത്തവർക്കും ഈ ഉത്തരവ് ബാധകമാകും എന്നു വരെ വിധിയിൽ ഉൾപ്പെടുത്തിയിരുന്നു.









0 comments