ഉത്സവക്കാലത്തെ ടിക്കറ്റ് നിരക്ക് വർദ്ധനവ്; വിമാന കമ്പനികൾക്ക് നിർദേശവുമായി ഡിജിസിഎ

ന്യൂഡൽഹി: ഉത്സവക്കാലത്തെ വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ നിർദേശവുമായി ഡിജിസിഎ. ഉത്സവകാലമാകുമ്പോൾ രാജ്യത്തുടനീളം കൂടുതൽ സർവീസുകൾ വിന്യസിക്കാനാണ് നിർദേശം. ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ സുപ്രധാന വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ വിന്യസിക്കാനാണ് തീരുമാനം.
ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി വിന്യസിക്കും. നിരക്ക് കൂട്ടാതെ തന്നെ ഉത്സവകാലത്ത് യാത്ര സുഗമമാക്കാനാണ് ഈ നീക്കം. പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കും കൃത്യമായി വിലയിരുത്തിയാണ് തീരുമാനം.
ദീപാവലി ഉത്സവത്തിന് മുന്നോടിയായി സർവീസ് വർധിപ്പിക്കുന്നതിൽ തീരുമാനമായി. ദീപാവലിയോടനുബന്ധിച്ചുള്ള നിരക്ക് വർദ്ധനവ് തടയാനാകും എന്ന ഉദ്ദേശത്തോടെയാണ് ഡിജിസിഎയുടെ തീരുമാനം. യാത്രക്കാർക്ക് നിരക്ക് വർദ്ധനവ് കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വിവിധ വിമാന കമ്പനികളുമായി ചർച്ച നടത്തിയെന്നും ഡിജിസിഎ അറിയിച്ചു.









0 comments