വിമാനദുരന്തം: ബോയിങ് 787 വിമാനങ്ങളുടെ സുരക്ഷ പരിശോധന ശക്തമാക്കാൻ ഡിജിസിഎ നിർദേശം

air india boeing
വെബ് ഡെസ്ക്

Published on Jun 13, 2025, 09:28 PM | 1 min read

ന്യൂഡൽഹി : ​ഗുജറാത്ത് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 265 പേർ മരിച്ച സംഭവത്തിൽ ബോയിങ് വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാൻ ‍ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ സുരക്ഷാ പരിശോധനയാണ് കർശനമാക്കിയത്. അടിയന്തരമായി സുരക്ഷ പരിശോധനകൾ നടത്തണമെന്നാണ് നിർദേശം. എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ അ​ഗ്നിക്കിരയായത്. 27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമടക്കം 33 ബോയിങ് വിമാനങ്ങളാണ് ടാറ്റ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്കുള്ളത്. പ്രാദേശിക ഡിജിസിഎ ഓഫീസുകളുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികളും പരിശോധനകളും ഉടൻ നടത്താനാണ് ഡിജിസിഎയുടെ നിർദേശം. പൂർത്തിയായ എല്ലാ പരിശോധനകളുടെയും റിപ്പോർട്ടുകൾ ആന്തരിക അവലോകനത്തിനും കൂടുതൽ വിലയിരുത്തലിനും വേണ്ടി സമർപ്പിക്കാനും എയർ ഇന്ത്യയോട് നിർദ്ദേശിച്ചിട്ടുണ്ട്.


ജൂൺ 15 മുതൽ ഇന്ത്യയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പ് ഒറ്റത്തവണ പരിശോധന നടത്താൻ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ജെൻക്സ് എഞ്ചിനുകൾ ഘടിപ്പിച്ച B787-8/9 വിമാനത്തിൽ അടിയന്തരമായി ആറ് അധിക അറ്റകുറ്റപ്പണികൾ നടത്തണമെന്നും സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഉത്തരവിട്ടു. ഇന്ധന പാരാമീറ്റർ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ക്യാബിൻ എയർ കംപ്രസറിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ സിസ്റ്റം പരിശോധന, എഞ്ചിൻ ഇന്ധന ഡ്രൈവർ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധന, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവയാണ് ആറ് പരിശോധനകൾ. പ്രതിരോധ നടപടി എന്ന നിലയിൽ ഞായർ മുതൽ ഇവ അടിയന്തര പ്രാബല്യത്തിൽ വരും.


ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് പരിശോധനയിൽ 'ഫ്ലൈറ്റ് കൺട്രോൾ പരിശോധന' ഏർപ്പെടുത്തണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്. ഡ്രീംലൈനറുകൾ സർവീസ് നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ ഉത്തരവ്. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് ബോയിങ് 787 വിമാനങ്ങൾ സർവീസ് നടത്തുന്ന രണ്ട് ഇന്ത്യൻ വിമാനക്കമ്പനികൾ.




deshabhimani section

Related News

View More
0 comments
Sort by

Home