വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന നിർബന്ധമാക്കി ഡിജിസിഎ

ന്യൂഡൽഹി: ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് പരിശോധിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഈ മാസം 21നകം പരിശോധന പൂർത്തിയാക്കണം. അഹമ്മദാബാദ് അപകടത്തിന് മുമ്പ് ബോയിങ് 787 വിമാനത്തിലെ സ്വിച്ചുകൾ വിച്ഛേദിക്കപ്പെട്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത വന്നതിന് പിന്നാലെയാണ് നടപടി. 787, 747, 737 മോഡലുകൾ ഉൾപ്പെടെയുള്ള ബോയിംഗ് വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാനാണ് നിർദേശം.
നിരവധി ഇന്ത്യൻ, അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇതിനകം തന്നെ വിമാനങ്ങളുടെ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ഡിജിസിഎ പറഞ്ഞു. 2018-ൽ ബോയിംഗ് വിമാനങ്ങളുടെ ചില മോഡലുകളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്ക് ഓഫാകാനുള്ള സാധ്യതയെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തിരുന്നു. സ്വിച്ച് ലോക്ക് പരിശോധിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ അത് കർശനമായിരുന്നില്ല.
നിർദേശം അനുസരിച്ച് എല്ലാ എയർലൈൻ ഓപ്പറേറ്റർമാരും ആവശ്യമായ പരിശോധന പൂർത്തിയാക്കാണമെന്ന് ഡിജിസിഎ അറിയിച്ചു. വിമാന എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നത് ഇന്ധന നിയന്ത്രണ സ്വിച്ചുകളാണ്. ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസും സ്പൈസ് ജെറ്റും ബോയിംഗ് 737 വിമാനങ്ങളും ഉപയോഗിച്ച് സർവീസ് നടത്തുന്നുണ്ട്.
ഇൻഡിഗോയ്ക്കും ബോയിംഗ് 787 വിമാനങ്ങളുണ്ടെങ്കിലും ഇവ വിദേശ വിമാനക്കമ്പനിയിൽ നിന്ന് ലീസിനെടുത്തതിനാൽ അവ ഈ ഉത്തരവിന് വിധേയമാകില്ലെന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യ വിമാനാപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ശനിയാഴ്ച പുറത്തുവിട്ടിരുന്നു. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒരു സെക്കൻഡിന്റെ ഇടവേളയിൽ നിലച്ചതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പരിശോധനാ നിര്‍ദേശം.









0 comments