എയർബസ് വിമാനങ്ങളിലെ സുരക്ഷാ വീഴ്ചകളെപ്പറ്റി ഡിജിസിഎ എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്

air india
വെബ് ഡെസ്ക്

Published on Jun 20, 2025, 07:33 PM | 1 min read

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന് ദിവസങ്ങൾക്കു മുമ്പ് എയർബസിലെ സുരക്ഷാവീഴ്ചകളെപ്പറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. എയർ ഇന്ത്യയുടെ മൂന്ന് എയർബസ് വിമാനങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച്, കൃത്യമായ പരിശോധനകൾ നടത്താതെ സർവീസ് തുടരുന്നതിനെപ്പറ്റിയായിരുന്നു മുന്നറിയിപ്പെന്ന് വാർത്താ ഏജൻസിയായ റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ മാസം നടന്ന സ്‌പോട്ട് ചെക്കുകളിലാണ് എസ്‌കേപ്പ് സ്ലൈഡുകളുടെ അടിയന്തര ഉപകരണങ്ങളിലെ നിർബന്ധിത പരിശോധനയ്ക്ക് കാലതാമസം നേരിട്ടിട്ടും മൂന്ന് എയർ ഇന്ത്യ എയർബസ് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് വ്യോമയാന നിരീക്ഷണ സംഘം കണ്ടെത്തിയത്. ഇതിൽ ഒരെണ്ണം (എയർബസ് A320) ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര സർവീസുകൾ കൈകാര്യം ചെയ്യുന്നവയാണെന്നും ഒരു മാസത്തിലധികം കാലതാമസം നേരിട്ടിട്ടും ഇതിൽ പരിശോധനകൾ നടത്തിയിട്ടില്ലെന്നും ഡിജിസിഎ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.


ആഭ്യന്തര റൂട്ടുകളിൽ ഉപയോഗിക്കുന്ന ഒരു എയർബസിൽ (A319) പരിശോധനകൾ മൂന്ന് മാസത്തിലധികം വൈകിയതായും മൂന്നാമത്തേതിൽ പരിശോധന രണ്ട് ദിവസം വൈകിയതായും കണ്ടെത്തി. കാലഹരണപ്പെട്ട അടിയന്തര ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിമാനങ്ങൾ പ്രവർത്തിച്ചതെന്നും ഇത് സുരക്ഷാ ലംഘനമാണെന്നുമാണ് ഡിജിസിഎ റിപ്പോർട്ട്.


കൃത്യസമയത്ത് സുരക്ഷ പരിശോധനകളുടെ റിപ്പോർട്ട് നൽകുന്നതിലും എയർ ഇന്ത്യ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോക്കോൾ ലംഘിച്ച് സർവീസ് നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ് നൽകിയിരുന്നതായും, ഇതിന് കൃത്യമായ മറുപടി നൽകിയിരുന്നില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് സുരക്ഷാ തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡിജിസിഎ പറഞ്ഞിരുന്നതായി എയർ ഇന്ത്യ സിഇഒ വ്യക്തമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home