കര്‍ണാടകത്തിലെ നിർബന്ധിത ഭൂമിയേറ്റെടുക്കല്‍ ; കർഷകരെയും തൊഴിലാളികളെയും തല്ലിച്ചതച്ച് പൊലീസ്

ന്യൂഡൽഹി
കർണാടകത്തിലെ ദേവനഹള്ളിയിൽ നിർബന്ധിത ഭൂമിയേറ്റടുക്കലിൽ പ്രതിഷേധിച്ച കർഷകരെയും തൊഴിലാളികളെയും തല്ലിച്ചതച്ച് പൊലീസ്. സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്‌മിയെ തല്ലിച്ചതച്ച് റോഡിലൂടെ വലിച്ചിഴച്ചു. കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ നേതാക്കളെയും ക്രൂരമായി മർദിച്ച ശേഷം അറസ്റ്റ് ചെയ്‌തു. മുൻ ബിജെപി സർക്കാർ കോർപറേറ്റുകൾക്കായി 1777 ഏക്കർ ഭൂമി ബലമായി പിടിച്ചെടുക്കാൻ ഇറക്കിയ വിജ്ഞാപാനത്തിനെതിരെ പോരാടുന്നവരെയാണ് കോൺഗ്രസ് സർക്കാരിന്റെ നിർദേശപ്രകാരം പൊലീസ് തല്ലിച്ചതച്ചത്. പൊലീസ് നരനായാട്ടിനെ അഖിലേന്ത്യ കിസാൻ സഭ അപലപിച്ചു.
മൂന്നരവർഷത്തിലേറെയായി കർഷകർ പ്രദേശത്ത് സമരം നടത്തുകയാണ്. പ്രതിപക്ഷനേതാവായിരിക്കെ സ്ഥലം സന്ദർശിച്ച സിദ്ധരാമയ്യ, വിജ്ഞാപനം റദ്ദാക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ, മുഖ്യമന്ത്രിയായശേഷം വിജ്ഞാപനം പിൻവലിക്കാൻ നടപടിയെടുത്തില്ല. പൊലീസ് അതിക്രമത്തിനും കോർപറേറ്റ് പ്രീണന നയങ്ങൾക്കുമെതിരെ സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ എന്നിവർ പ്രസ്‌താവനിൽ പറഞ്ഞു.









0 comments