ദേവനഹള്ളിയിലെ ഭൂമി ഏറ്റെടുക്കൽ ചെറുത്തു ; കർഷക മുന്നേറ്റം പോരാട്ടങ്ങൾക്ക് ഊർജമാകും

ന്യൂഡൽഹി
കർണാടകയിലെ ദേവനഹള്ളിയിൽ 1777ഏക്കർ കൃഷിഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ വർഷങ്ങൾ നീണ്ട പ്രക്ഷോഭങ്ങളിലൂടെ വിജയം കൈവരിച്ച കർഷകരെ അഭിവാദ്യം ചെയ്‌ത് സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യ കിസാൻ സഭയും. ഭൂമി ഏറ്റെടുത്ത നടപടി കർണാടക സർക്കാർ റദ്ദാക്കി. മൂന്ന് വർഷംമുമ്പ് അന്നത്തെ ബിജെപി സർക്കാർ കോർപറേറ്റുകൾക്കുവേണ്ടി ഏറ്റെടുത്ത 1,777 ഏക്കർ പുനർവിജ്ഞാപനം ചെയ്യാനും തീരുമാനിച്ചു. പ്രക്ഷോഭങ്ങളെ തുടർന്നാണ് നിലവിലെ കോൺഗ്രസ് സർക്കാർ നടപടിക്ക് നിർബന്ധിതരായത്. കെപിആർഎസ്, സിഐടിയു, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഐക്യവും കൂട്ടായ്‌മയുമാണ് പ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചത്. കർണാടകത്തിലെ വിവിധ വർഗ, ബഹുജന സംഘടനകളും ദളിത് സംഘടനകളും അണിനിരന്ന സംയുക്ത സമരവേദി പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ബംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള ഫലഭൂയിഷ്‌ഠമായ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി റിയൽഎസ്റ്റേറ്റ് മാഫിയയ്‌ക്കും വൻകിടനിർമാണ കമ്പനികൾക്കും തീറെഴുതാനായിരുന്നു ബിജെപി സർക്കാരിന്റെ നീക്കം. 13 ഗ്രാമങ്ങളിലെ കർഷകർ സമരരംഗത്തിറങ്ങി. കോൺഗ്രസ് അധികാരത്തിലെത്തിയശേഷവും പ്രക്ഷോഭം തുടർന്നു.
2025 ജൂണിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് വൻ അതിക്രമം അഴിച്ചുവിട്ടു. പിന്നീട് ബംഗളൂരു ഫ്രീഡം പാർക്കിലേക്ക് സമരവേദി മാറ്റി. സംയുക്ത കിസാൻ മോർച്ച നേതാക്കളായ വിജൂ കൃഷ്‌ണൻ, ദർശൻപാൽ, രാകേഷ് ടിക്കായത്ത്, യുദ്ധ്‌വീർ സിങ് തുടങ്ങിയവർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പ്രക്ഷോഭ വിജയം മറ്റ് സംസ്ഥാനങ്ങളിലെ മുന്നേറ്റങ്ങൾക്ക് ഊർജം പകരുമെന്ന് എസ്‌കെഎമ്മും കിസാൻ സഭയും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments