മാറിമറിഞ്ഞ് കാലാവസ്ഥ; ഡൽഹിയിൽ മഴയും പൊടിക്കാറ്റും തുടരാൻ സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ മഴയും പൊടിക്കാറ്റും തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വൈകുന്നേരം ഡൽഹി- എൻസിആറിലുണ്ടായ ശക്തമായ കാറ്റും മഴയും പൊടിക്കാറ്റും മേഖലയിലുടനീളം ഗതാഗത തടസങ്ങൾക്ക് കാരണമായി. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങൾക്ക് വഴിതെളിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയെത്തുടർന്ന് പാലമിൽ താപനില 10 ഡിഗ്രി സെൽഷ്യസും സഫ്ദർജംഗിൽ 7 ഡിഗ്രി സെൽഷ്യസും കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഐജിഐ വിമാനത്താവളത്തിൽ മണിക്കൂറിൽ 74 കിലോമീറ്ററും പ്രഗതി മൈതാനത്ത് 70 കിലോമീറ്ററും ലോധി റോഡിൽ മണിക്കൂറിൽ 69 കിലോമീറ്ററും വേഗതയിലാണ് കാറ്റ് വീശിയത്. നജഫ്ഗഡിൽ മണിക്കൂറിൽ 37 കിലോമീറ്റർ മുതൽ സഫ്ദർജംഗിൽ മണിക്കൂറിൽ 56 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത.
മഴയെയും കാറ്റിനെയും തുടർന്ന് ഫിറോസ് ഷാ റോഡ്, അശോക റോഡ്, മണ്ഡി ഹൗസ്, കൊണാട്ട് പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുണ്ട്. കൊണാട്ട് പ്ലേസ്, ജോർ ബാഗ്, പട്ടേൽ മാർഗ്, സർദാർ പട്ടേൽ മാർഗ് എന്നിവിടങ്ങളിൽ മരങ്ങൾ വീണതായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) റിപ്പോർട്ട് ചെയ്തു.
കൊടുങ്കാറ്റിൽ നരേല, ബവാന, ബദ്‌ലി, മംഗോൾപുരി തുടങ്ങിയ വടക്കൻ ഡൽഹി പ്രദേശങ്ങളിൽ മരക്കൊമ്പുകളും മറ്റും പൊട്ടിവീണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഭാഗികമായി വൈദ്യുതി തടസപ്പെട്ടു.
മോശം കാലാവസ്ഥയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 15 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട് ചെയ്തു. പൊടിക്കാറ്റ് ഡൽഹിയിലെയും ജയ്പൂരിലെയും വിമാന സർവീസുകളെ ബാധിച്ചതായി ഇൻഡിഗോ അറിയിച്ചു.
ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സിപിസിബി ഡാറ്റ പ്രകാരം, നഗരത്തിലെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









0 comments