ഡല്‍ഹി സ്റ്റേഷന്‍ ദുരന്തം: പ്രതിഷേധങ്ങൾക്കിടെ പ്രയാഗിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ, ഡൽഹിയിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലേക്ക് ലോക്കൽ സർവീസുകളാണ് ആരംഭിച്ചത്.
കോടിക്കണക്കിന് തീർഥാടകർ കുംഭമേളയ്‌ക്കായി എത്തുന്ന പ്രയാഗ്‌രാജിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ യുപി സർക്കാരും യാത്രാസൗകര്യം ഒരുക്കുന്നതിൽ കേന്ദ്രസർക്കാരും ഒരുപോലെ പരാജയപ്പെട്ടതിനെ തുടർന്ന് വൻ ദുരന്തങ്ങളാണുണ്ടായത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്.
പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും അമ്പതോളം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ന്യൂഡൽഹി ദുരന്തം ഉണ്ടായത്. പതിനാലാം പ്ലാറ്റ്‌ഫോമിൽ പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് പുറപ്പെടാൻ നിൽക്കുന്ന ഘട്ടത്തിലാണ് ദുരന്തം. ഈ സമയം പന്ത്രണ്ടും പതിമൂന്നും പ്ലാറ്റ്‌ഫോമുകളിൽ എത്തേണ്ട ട്രെയിനുകൾ വൈകിയപ്പോൾ വൻതിരക്കുണ്ടായി. ഇതേസമയം പതിനാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷൽ ട്രെയിൻ എത്തുന്നതായി അറിയിപ്പുണ്ടായി. ഇതോടെ കുംഭമേളയ്‌ക്ക് പോകുന്നവരിൽ ആശയക്കുഴപ്പമുണ്ടാവുകയും ഇവരിൽ ചിലർ കൂട്ടമായി പതിനാറാം പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതുമാണ് ദുരന്തകാരണം.
തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് റെയിൽവേ പൊലീസോ, ആർപിഎഫോ ഡൽഹി പൊലീസോ ഉണ്ടായിരുന്നില്ല. യാത്രക്കാരെ സ്റ്റേഷനിലേക്ക് യഥേഷ്ടം കടത്തിവിട്ടതും സ്ഥിതി വഷളാക്കി. ഓരോ മണിക്കൂറിലും 1500 ലേറെ ജനറൽ ടിക്കറ്റുകളാണ് ദുരന്തത്തിനുമുമ്പ് കൗണ്ടറിൽ വിതരണംചെയ്‌തത്. ആയിരങ്ങൾ ടിക്കറ്റില്ലാതെയും കയറി. എന്നിട്ടും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ല.
സ്‌ത്രീകളടക്കം നിലത്തുവീണ് കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിട്ടും വലിയ അപകടം നടന്നില്ലെന്നാണ് റെയിൽവേ മന്ത്രി അശ്വനികുമാർ വൈഷ്ണവ് വിശദീകരിച്ചത്. പരിക്കേറ്റവർക്ക് സഹായമെത്തിക്കാനും വൈകി.
Related News

0 comments