ഗവർണർ സക്സേന എന്തിന് തന്റെ ട്വീറ്റ് തിരുത്തി; ഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കേന്ദ്രം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതെന്ത്?

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന് പിന്നാലെ, അപകടം സംബന്ധിച്ച ദുരൂഹതകളും രാഷ്ട്രീയ വിവാദങ്ങളുമേറുന്നു. ട്രെയിൻ ട്രാക്ക് മാറി വരുന്നുവെന്ന അനൗൺസ്മെന്റാണ് തിക്കിനും തിരക്കിനും കാരണമെന്നൊരു നിരീക്ഷണമുള്ളപ്പോൾ 14-ാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും 15 ാമത്തെ പ്ലാറ്റ്ഫോമിലേക്ക് ആളുകൾ തിക്കി തിരക്കി പോയപ്പോൾ ഒരാൾ കാൽ വഴുതി വീണതോടെ ഉണ്ടായ പരിഭ്രാന്തിയിൽ തിരക്ക് കൂടി അപകടമുണ്ടാകുകയായിരുന്നു എന്ന് മറ്റൊരു നിഗമനം.
എന്നാൽ ഇതൊന്നുമല്ല, ട്രെയിൻവരാൻ വെെകിയതോടെ 1500- ഒാളം ടിക്കറ്റുകൾ മണിക്കൂറിൽ വിതരണം ചെയ്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചതായി പൊലീസ് സംശയിക്കുന്നു. പ്രയാഗിലേക്കുള്ള ട്രെയിൻ വന്നപ്പോൾ തിക്കിത്തിരക്കി ആളുകൾ കയറിയതാണ് മരണ കാരണമെന്നും അടക്കം നിരവധി സംശയങ്ങളാണ് ദുരന്തവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതിനിടെ, സംഭവത്തിൽ കേന്ദ്രം സത്യാവസ്ത മറച്ചുവയ്ക്കുകയാണെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. കുംഭമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലെ പാളിച്ചകൾ മറയ്ക്കുന്നതിന് വേണ്ടി സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുവെന്നുള്ള വിമർശവും ഉയരുകയാണ്

അതിനൊരു പ്രധാന കാരണവുമുണ്ടായിരുന്നു. അപകടം നടന്നയുടനെ തന്നെ സംസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവർണറായ വി കെ സക്സേനയുടെ സോഷ്യൽ മീഡിയ അനുശോചനവും തുടർന്ന് അദ്ദേഹം പറഞ്ഞതിലുണ്ടായ തിരുത്തലുമാണ് രാഷ്ട്രീയ പാർട്ടികളുടെ അതിശക്തമായ വിമർശനത്തിന് വഴിവച്ചത്. സർക്കാർ ആഗോള തലത്തിൽ കൊണ്ടാടുന്ന ഒരു പരിപാടി അപകടങ്ങളുടേയും മരണത്തിന്റെയും ദുരിതക്കയത്തിലേക്ക് ചെന്നെത്തുകയാണോ എന്ന് ലോകരാജ്യങ്ങൾക്ക് സംശയമുണ്ടാകാതിരിക്കാൻ കൂടി വേണ്ടിയുള്ള മറച്ചുവയ്ക്കലായിരുന്നു ഗവർണർ ഇന്ന് നടത്തിയത്.
വി കെ സക്സേനയുടെ ആദ്യ ട്വീറ്റ് ഇങ്ങനെ: "ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ദൗർഭാഗ്യകരവും ദുരന്തസമാനവുമായ ഒരു സംഭവമുണ്ടായി. ഇൗ ദുരന്തത്തിന്റെ ഇരകളുടെ കുടുംബത്തിന് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു'.
എന്നാൽ, വളരെ പെട്ടെന്ന് തന്നെ സക്സേന തന്റെ ട്വീറ്റ് തിരുത്തി. മരണം, മറ്റ് വെെകാരികമായ വാക്കുകളൊക്കെ മാറ്റി പകരം ദൗർഭാഗ്യകരമായ സംഭവം എന്ന് മാത്രമാക്കി ട്വീറ്റ് ഒതുക്കി. 'ദൗർഭാഗ്യകരമായ ഒരു സംഭവം ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായി. ചീഫ് സെക്രട്ടറിയോടും കമ്മീഷണറോടും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്'- ട്വീറ്റ് അവസാനിപ്പിച്ചു.
ആദ്യ ട്വീറ്റിൽ, മരണപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തിയതും പിന്നീട് ആ ഭാഗം മുറിച്ചുമാറ്റി ഒരു സാധാരണ ഔപചാരിക സന്ദേശമാക്കി മാറ്റിയതുമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും ഡൽഹി സ്റ്റേഷൻ വലിയ ചോദ്യങ്ങൾക്കും തർക്കങ്ങൾക്കുമാണ് വഴിവെക്കുക.









0 comments