റെയിൽവേ സ്‌റ്റേഷൻ ദുരന്തം: ജനം തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റ് വിറ്റത് എന്തിനെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുംഭമേളയുടെ ഭാഗമായി ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും 20 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ഗുരുതര അനാസ്ഥയ്ക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഒരോ കോച്ചിലും ഉൾകൊള്ളാവുന്ന പരമാവധി യാത്രക്കാരുടെ കാര്യത്തിൽ റെയിൽവേക്ക് കണക്കില്ലേയെന്നും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത് എന്തിനാണെന്നും റെയിൽവേയോട് ഹൈക്കോടതി ചോദിച്ചു. പൊതുതാൽപര്യഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും റെയിൽ ബോർഡിന്റെയും വിശദീകരണവും തേടി. മാർച്ച് 26ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
അപകടമുണ്ടായ ശനിയാഴ്‌ച്ച 12, 13, 14, 15 പ്ലാറ്റ്‌ഫോമുകൾക്ക് ഉൾകൊള്ളാവുന്നതിൽ കൂടുതൽ ആളുകൾ തിങ്ങി നിറഞ്ഞിട്ടും ഒരോ മണിക്കൂറിലും ആയിരകണക്കിന് ജനറൽ ടിക്കറ്റുകൾ റെയിൽവേ വിറ്റിരുന്നു. വൈകിട്ട് ആറിനും എട്ടിനും ഇടയ്‌ക്ക് ശരാശരി 6000 ടിക്കറ്റുകൾ വിൽക്കുന്നിടത്ത് 9600ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഇതോടെ, ഒരാൾക്ക് നേരേ നിൽക്കാനുള്ള സ്ഥലംപോലും പ്ലാറ്റ്‌ഫോമിൽ ഇല്ലാതായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
കുംഭമേളയ്‌ക്ക് പോകുന്നവർ പല സ്‌റ്റേഷനുകളിലും ട്രെയിനുകളുടെ എസി കംപാർട്ടുമെന്റുകളുടെ വാതിലുകൾപോലും അടിച്ചുപൊളിച്ച് അകത്ത് കയറാൻ നോക്കുന്നതിന്റെയും ദൃശ്യം പുറത്തുവന്നു. അത്തരമൊരു സാഹചര്യത്തിൽപോലും തിരക്ക് നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികളൊന്നും അധികൃതർ സ്വീകരിച്ചില്ല. ഇത്ര അപകടകരമായ തിരക്കുള്ള സമയത്താണ്, 16-ാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷൽ ട്രെയിൻ എത്തുന്നതായി അറിയിപ്പുണ്ടായത്. 14-ാം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുന്ന പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് ആണിതെന്ന് തെറ്റിദ്ധരിച്ച് ആളുകൾ കൂട്ടമായി 16-ാം പ്ലാറ്റ്‌ഫോമിലേക്ക് കുതിച്ചതോടെയാണ് ദുരന്തമുണ്ടായത്. ഈ ഘട്ടത്തിൽ 60 ആർപിഎഫുകാരും 20 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
0 comments