ഡൽഹിയിലും കനത്ത ജാഗ്രത: സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി; വ്യോമാക്രമണ സൈറൺ മുഴക്കും

ന്യൂഡൽഹി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തും കനത്ത ജാഗ്രത. ഡൽഹിയിലെ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധികൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലും പൊലീസ്, മെഡിക്കൽ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരുന്നു.
ഡൽഹിയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മാർക്കറ്റുകൾ, മാളുകൾ, മെട്രോ, ഹോട്ടലുകൾ, വിമാനത്താവളം തുടങ്ങി ജനങ്ങൾ ഒത്തുചേരുന്ന എല്ലായിടത്തും സുരക്ഷയും പരിശോധനയും ശക്തമാക്കി. ഡൽഹിയിൽ ഇന്ന് 3 മണിക്ക് പരീക്ഷണാർഥം വ്യോമാക്രമണ സൈറൺ മുഴക്കുമെന്നും അറിയിപ്പുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും നടക്കുന്നത് പരീക്ഷണമാണെന്നും അധികൃതർ പറഞ്ഞു. 15- 20 മിനിറ്റുവരെ സൈറൺ മുഴങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. മുമ്പ് ചണ്ഡീഗഡിലും സമാനമായി വ്യോമാക്രമണ സൈറൺ മുഴക്കിയിരുന്നു. വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിൽ സാഹചര്യം വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 15 ജില്ലകളിലെ കമീഷണർമാരും അടിയന്തര യോഗം ചേർന്നു.
ബുധനാഴ്ചയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തിയത്. ഇതിനു പിന്നാലെ പാകിസ്ഥാൻ അതിർത്തികളിൽ ഷെൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യ ഫലപ്രദമായി പാകിസ്ഥാൻ ആക്രമണങ്ങളെ പ്രതിരോധിച്ചതായും ഇസ്ലാമാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ പ്രത്യാക്രമണം നടത്തിയതായും സേന അറിയിച്ചു.









0 comments