ബലാത്സംഗ കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചു, രണ്ട് ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: വനിതാ അഭിഭാഷക നൽകിയ ബലാത്സംഗ കേസിൽ ആരോപണം പിൻവലിക്കാൻ നിർബന്ധിച്ചതിന് രണ്ട് ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കേസിൽ പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് അമിത് മഹാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ച രണ്ട് ജുഡീഷ്യൽ ഓഫീസർമാരും "നീതിയെ പരിഹസിച്ചു" എന്ന് കോടതി അഭിപ്രായപ്പെട്ടു. അവർ ഈ കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു. നീതിന്യായ വ്യവസ്ഥയിൽ വ്യക്തമായ ഇടപെടൽ ഉണ്ടായി എന്നും നിരീക്ഷിച്ചു.
27 കാരിയായ വനിതാ അഭിഭാഷക നൽകിയ കേസിന്റെ പശ്ചാത്തലത്തിലാണ് വിധി. 51 കാരനായ അഭിഭാഷകനാണ് ബലാത്സംഗ കേസിലെ പ്രതി. ഒരു സുഹൃത്ത് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഒരു പാർട്ടിക്കായി അയാളുടെ വീട്ടിൽ പോയതായും അവിടെ വെച്ച് അയാൾ തന്നെ ബലാത്സംഗം ചെയ്തതായുമാണ് കേസ്. ഗർഭിണിയായ പരാതിക്കാരിയെ തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്ത് ശാരീരിക ബന്ധം തുടർന്ന പ്രതി. പക്ഷെ പിന്നീട് വാഗ്ദാനത്തിൽ നിന്ന് പിൻമാറി. ഇയാൾ ചില ജുഡീഷ്യൽ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ബലാത്സംഗ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പും ശേഷവും അവർ വഴി പാതിക്കാരിയെ ബന്ധപ്പെടാനും സ്വാധീനിക്കാനും ശ്രമിച്ചു.
2025 ജൂണിൽ ന്യൂഡൽഹിയിലെ നെബ് സരായ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്ത കേസാണ്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ഒരു ജുഡീഷ്യൽ ഓഫീസർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വൈദ്യപരിശോധനയ്ക്ക് പോകരുതെന്ന് ഉപദേശിച്ചുവെന്നും പരാതിക്കാരി ബോധിപ്പിച്ചു.
സമ്മർദത്തിന് പ്രേരിപ്പിക്കുന്നതിനായി ജുഡീഷ്യൽ ഓഫീസർ പണം നൽകി ഒത്തുതീർപ്പ് വാഗ്ദാനം ചെയ്തതു. തനിക്ക് നൽകാനായി 30 ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഇതുവഴി കേസ് ദുർബലപ്പെടുത്താൻ ബന്ധപ്പെട്ട ജുഡീഷ്യൽ ഓഫീസർ നിർബന്ധിച്ചു. മാത്രമല്ല അങ്ങനെ ചെയ്താൽ പ്രതി കൂടുതൽ നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം തുടർന്നതായും കോടതിയെ ബോധിപ്പിച്ചു.
പ്രതി മൂന്ന് മാസത്തിലേറെയായി ജാമ്യത്തിലാണ്. സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള വിവരം അറിയിച്ചതോടെ കോടതി ഇത് റദ്ദാക്കി. വിചാരണ കോടതിയിൽ കീഴടങ്ങാൻ ഒരു ആഴ്ച സമയം അനുവദിച്ചു.
"പ്രോസിക്യൂഷനുമായി ബന്ധപ്പെട്ടിരുന്ന ബന്ധപ്പെട്ട ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു ഭരണപരമായ അന്വേഷണവും ആവശ്യമാണ്. ഇക്കാര്യത്തിൽ നിയമാനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു," എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.









0 comments