ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി. 70 അംഗ അസംബ്ലിയിൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപി എട്ട് സീറ്റിലൊതുങ്ങിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.
അതേസമയം എഎപിക്ക് തിരിച്ചടിയായി പാർടിയിൽ നിന്നും രാജിവെച്ച എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തവരായിരുന്നു രാജിവെച്ചത്. നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ) എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. ഇതോടൊപ്പം മുൻ എംഎൽഎ വിജേന്ദ്ര ഗാർഗ്, കോർപ്പറേഷൻ കൗൺസിലർ അജയ് റായ്, സുനിൽ ഛദ്ദ എന്നിവരും ബിജെപിയിൽ ചേർന്നു.









0 comments