ഡൽഹി വിമാനത്താവളത്തിൽ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എയർപോർട്ട് ഷട്ടിൽ ബസിന് തീപിടിച്ചു. എയർലൈൻസിന്റെ ഗ്രൗണ്ട് ഓപ്പറേഷൻസിനായി ഉപയോഗിക്കുന്ന ബസ് പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് യാത്രക്കാർ ആരും ബസിനുള്ളിൽ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം.
യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ടുപോകാനോ തിരിച്ചിറക്കാനോ ഉള്ള സർവീസിനായി നിർത്തിയിട്ടിരുന്ന ബസിലാണ് തീ ആളിപ്പടർന്നത്. ബസിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തം മറ്റ് വിമാനങ്ങളുടെ സർവീസുകളെയോ ടെർമിനലിന്റെ പ്രവർത്തനങ്ങളെയോ ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, ഇത്രയും തിരക്കേറിയ വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ആശങ്കയുയർത്തിയിട്ടുണ്ട്.









0 comments