ഡൽഹിയിലെ വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ, കൈമലർത്തി അധികാരികൾ

ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു. ബുധനാഴ്ച രാവിലെയും ‘സീവിയർ എന്ന നിലയിലായിരുന്നു. രണ്ടു ദിവസമായി സ്ഥിതി അതേപടി തുടരുകയാണ്.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പുറത്തിറക്കിയ കണക്കുകൾ പ്രകാരം ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ്. രാവിലെ 9 മണിക്ക് ഡൽഹിയുടെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി (AQI) 414 ആയിരുന്നു. വസീർപൂരിൽ 459 എന്ന ഉയർന്ന മാലിന്യ നില രേഖപ്പെടുത്തി.
സാധാരണ ജനങ്ങളാണ് ഇതിന്റെ ദുരന്ത ഫലങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്നത്. എയർ പ്യൂരിഫൈയറുകൾ സ്ഥാപിച്ചാണ് ഓഫീസുകളും ഉന്നതരുടെയും മറ്റും വീടുകളും സാഹചര്യം മറികടക്കുന്നത്. എന്നാൽ ഇത് ചെലവേറിയ മാർഗ്ഗമാണ് എന്നതിനാൽ സാധാരണക്കാർ ഈ കൃത്രിമ സുരക്ഷയ്ക്ക് പുറത്താവുന്നു. പതിനായിരം രൂപയ്ക്ക് മുകളിലാണ് ഏറ്റവും ചെറിയ സംവിധാനങ്ങൾക്ക് ചെലവ് വരുന്നത്.
കൃത്രിമ മഴ പെയ്യിക്കാനായി മൂന്ന് കോടി ചെലവഴിച്ചു എങ്കിലും പരാജയപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഡൽഹി സർക്കാർ വായു മലിനീകരണം നിയന്ത്രിക്കാൻ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP)-III പ്രഖ്യാപിച്ചിരിക്കയാണ്. ഇത് പ്രകാരം പ്രദേശത്ത് നിർമാണ-പൊളിച്ചെടുപ്പ് പ്രവർത്തനങ്ങൾ നിരോധിച്ചു.
ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധനഗർ എന്നിവിടങ്ങളിൽ BS-III പെട്രോൾ BS-IV ഡീസൽ നാല് ചക്ര വാഹനങ്ങളും ഓടിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചു. എന്നാൽ ഇവയെല്ലാം ജനരോഷം മറികടക്കാനുള്ള മാർഗ്ഗങ്ങൾ മാത്രമായി ശേഷിക്കയും മലനീകരണ തോത് ഉയർന്ന് നിൽക്കുകയും ചെയ്യുന്നു.
ക്ലാസ് 5 വരെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾക്ക് ഹൈബ്രിഡ് മോഡ് (ഓൺലൈൻ/ഓഫ്ലൈൻ സംയോജിത രീതി) നടപ്പാക്കണമെന്ന് വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ (CAQM) നിർദേശിച്ചിരിക്കയാണ്. കോവിഡ് കാല സമാനമായ നിയന്ത്രണമാണിത്.
വായു ഗുണനിലവാര സൂചിക (AQI) വിഭാഗങ്ങൾ
0 – 50 നല്ലത് (Good) ശുദ്ധവായു
51 – 100 തൃപ്തികരം (Satisfactory) ആസ്വാദ്യമായ വായു
101 – 200 മിതമായ മലിനീകരണം (Moderate) ചെറിയ ആരോഗ്യപ്രഭാവം
201 – 300 മലിനം (Poor) രോഗബാധിതർക്കു പ്രശ്നങ്ങൾ
301 – 400 അതീവ മലിനം (Very Poor) ശ്വാസകോശ-ഹൃദയ പ്രശ്നങ്ങൾ വർധിക്കും
401 – 500 ഗുരുതരം (Severe) ആരോഗ്യമുള്ളവർക്കും ദോഷം; രോഗികൾക്ക് അപകടം.
ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും AQI 400-ന് മുകളിലാണ്. കാറ്റിന്റെ വേഗം കുറഞ്ഞതും, വാതകമർദ്ദ വ്യതിയാനങ്ങളും മലിനീകരണം വർധിപ്പിക്കുന്നു. ഡൽഹി സർക്കാരിനെതിരെ ജനരോഷം ശക്തമായിരിക്കയാണ്.









0 comments