ഡൽഹിയിലെ വായുമലിനീകരണം; കർഷകരോട് എഎപി വൈക്കോൽ കത്തിക്കാനാവശ്യപ്പെട്ടു: പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിൽ പോലും തമ്മിലടിച്ച് എഎപിയും ബിജെപിയും. ഡൽഹിയിലെ കർഷകരോട് വൈക്കോൽ കത്തിക്കാൻ എഎപി ആവശ്യപ്പെട്ടെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
വായുമലിനീകരണം തടയാൻ സാധിക്കാത്ത ബിജെപി സർക്കാർ പരാജയമാണെന്ന് എഎപി ആരോപിച്ചതിന് പിന്നാലെയാണ് പരിസ്ഥിതി മന്ത്രിയുടെ വിചിത്രവാദം. ദീപാവലി ആഘോഷങ്ങൾ ഡൽഹിയിലെ വായു ഗുണനിലവാരത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വായു ഗുണനിലവാരം തിരിച്ച് പിടിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതും ഡൽഹി സർക്കാരിന്റെ ആലോചനയിലുണ്ട്.
ദീപാവലി ആഘോഷത്തിന് ആളുകൾ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നഗരത്തിൽ മൊത്തം വായു ഗുണനിലവാര സൂചിക 347 എക്യുഐ ആണ് രേഖപ്പെടുത്തിയത്. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്ക് ശേഷവും പടക്കം പൊട്ടിച്ചതോടെയാണ് ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശമായി മാറിയത്.
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ 'ഗ്രീൻ ക്രാക്കറുകൾ' അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തിയാറും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്.









0 comments