സിപിഐ പാർട്ടി കോൺഗ്രസ്; പ്രതിനിധി സമ്മേളനത്തിന് തുടക്കം

ചണ്ഡീഗഡിൽ ആരംഭിച്ച സിപിഐ പാർട്ടി കോൺഗ്രസ്സ് ആശംസ അർപ്പിക്കാൻ എത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡീ രാജ സ്വീകരിക്കുന്നു. ഫോട്ടോ പി വി സുജിത്
ചണ്ഡീഗഡ്: സിപിഐ 25–ാം പാർടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സുധാകർ റെഡ്ഡി നഗറിലെ അതുൽ കുമാർ അഞ്ജാൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 800ൽ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ എംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ്‌പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവർ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് 4.45ന് ക്യൂബന്‍, പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനം നടക്കും. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസഡര്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിക്കും.
ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളായിരിക്കും സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാവുകയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്‌ഘാടന വേളയിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂട്ടിയോജിപ്പിക്കുന്നതിനും ബിജെപി — ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ട പാത രൂപീകരിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് നടന്ന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മോദി പ്രധാനമന്ത്രി ആയപ്പോൾ ജനങ്ങളോട് പറഞ്ഞത് എല്ലാവരെയും സഹായിക്കുന്ന നയങ്ങൾ ഉണ്ടാകും എന്നതാണ്. സബ്ക സാത് ശബ്ക വികാസ് എന്നായിരുന്നു മുദ്രാവാക്യം. എന്നാൽ സാധാരണക്കാരുടെ സർക്കാർ അല്ല, തൊഴിലാളികളുടെ സർക്കാർ അല്ല, കർഷകരുടെ സർക്കാർ അല്ല, കോർപ്പറേറ്റുകളുടെ സർക്കാർ ആണെന്നത് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി. രാജ്യത്തെ കൊള്ളയടിക്കാൻ അദാനിയെയും അംബാനിയെയും സഹായിക്കുന്ന സർക്കാർ. അതുകൊണ്ട് തന്നെയാണ് മോദി സർക്കാരിനെതിരെ കമ്യൂണിസ്റ്റ് പാർടി പോരാടുന്നത്. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെ ഇറക്കണം. അതിനു ഇടത് ശക്തികൾ എല്ലാം ഒരുമിക്കണം. അത് പാർടി കോൺഗ്രസിൽ ചർച്ച ചെയ്യുമെന്നും ഡി രാജ പറഞ്ഞു.









0 comments