ad
Deshabhimani

നിയന്ത്രണങ്ങൾ പാളി, അര്‍ഹരിൽ എത്തുന്നില്ല

ഇന്ത്യയിൽ മരണങ്ങളിൽ 63 ശതമാനവും ജീവിതശൈലീ രോഗങ്ങൾ മൂലമെന്ന് ലോകാരോഗ്യ സംഘടന

NCD
avatar
എൻ എ ബക്കർ

Published on Apr 24, 2026, 02:40 PM | 2 min read

കർച്ചവ്യാധികളെക്കാൾ ഉപരിയായി ജീവിതശൈലീ രോഗങ്ങൾ (NCDs) ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്. പാരമ്പര്യേതര രോഗങ്ങളാണ് രാജ്യത്തെ മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നതിൽ മുഖ്യകാരണമായി തുടരുന്നത്. രാജ്യത്ത് ഉണ്ടാകുന്ന മൊത്തം മരണങ്ങളിൽ 63 ശതമാനവും ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ പാരമ്പര്യേതര രോഗങ്ങൾ കാരണമായി തീര്‍ന്നിരിക്കുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


ഈ രോഗങ്ങൾ ദീർഘകാലം നിലനിൽക്കുന്നതാണെങ്കിലും (Chronic), ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഇവ ഭൂരിഭാഗവും തടയാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും അവ ആവശ്യക്കാരായ മനുഷ്യരിൽ എത്താതെ പേരിടലിൽ മാത്രമായി ഒതുങ്ങുന്നു.


  • 1990-ൽ: ജീവിതശൈലീ രോഗങ്ങൾ ആകെ രോഗാവസ്ഥയുടെ 30.5% മാത്രമായിരുന്നു.

  • 2016-ൽ: ഇത് 55.4% ആയി കുതിച്ചുയർന്നു.

  • 2026-ൽ: ഏറ്റവും പുതിയ WHO റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മരണങ്ങളിൽ 63 ശതമാനവും ജീവിതശൈലീ രോഗങ്ങൾ കാരണമായിത്തീര്‍ന്നു.


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ICMR) നിന്നുള്ള വിവരങ്ങൾ പ്രകാരം, 1990-ൽ 30.5% ആയിരുന്ന ഇത്തരം രോഗങ്ങളുടെ വ്യാപനം 2016-ഓടെ 55.4% ആയി വർദ്ധിച്ചു. പിന്നീടുള്ള വര്‍ഷങ്ങളിൽ ലോകം മുഴുവൻ ചികിത്സാ മാര്‍ഗ്ഗങ്ങളിൽ വൻ മാറ്റവും കുതിപ്പും ഉണ്ടാക്കി. അതേ സമയം ഇന്ത്യയിൽ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെട്ടു. രോഗങ്ങളുടെ കുതിപ്പ് തുടര്‍ന്നു എന്നാണ് സ്ഥിതി വിവര കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നത്.


അസമത്വം കുതിക്കുന്നു,

ചികിത്സാ അവകാശ നിഷേധവും


ആരോഗ്യ സേവനങ്ങളിലെ അസമത്വം വലിയ പ്രശ്നമാണ്. രാജ്യം ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വലിയ തോതിൽ പണം ചിലവഴിക്കുന്നു. എന്നാൽ അവ എല്ലാവരിലും ഒരുപോലെയല്ല എത്തുന്നത്. ചികിത്സ തേടുന്നതിൽ സ്ത്രീകൾ, പ്രായമായവർ, ഗ്രാമീണ മേഖലയിലുള്ളവർ എന്നിവർ വലിയ തടസ്സങ്ങൾ നേരിടുന്നു. പലപ്പോഴും രോഗം ഗുരുതരമായ ഘട്ടത്തിൽ മാത്രമാണ് ഇവർക്ക് ആശുപത്രികളെ സമീപിക്കാൻ തന്നെ സാധ്യമാവുന്നത്.

NCD

സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഒരു ചികിത്സയും കിട്ടാതെ കഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ 2024-നെ അപേക്ഷിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. 1.9 കോടി ആളുകൾ ഇപ്പോഴും ചികിത്സാ ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്നവരായി ഇന്ത്യയിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സംഖ്യയിൽ മാറ്റം വന്നിട്ടില്ല.


ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന പേരിൽ ഗ്രാമീണ മേഖലകളിൽ പ്രാഥമിക ആരോഗ്യ സേവനവും ജീവിതശൈലീ രോഗ പരിശോധനയും നൽകുന്നുണ്ട്. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന പേരിൽ വ്യായാമം പ്രോത്സാഹിപ്പിക്കാനായുള്ള പദ്ധതിയുണ്ട്. എന്നാൽ രാജ്യത്ത് ഇവ ഏറ്റവും അധികം ആവശ്യമായിട്ടുള്ള 50 ശതമാനത്തിലധികം ആളുകൾക്കും ഇപ്പോഴും ഇതിനെ കുറിച്ച് അറിവില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


തിരിച്ചുവരുന്ന വെല്ലുവിളികൾ


പാരമ്പര്യേതര രോഗങ്ങൾക്കിടയിലും ഇന്ത്യ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം മന്ത് (Lymphatic Filariasis) രോഗമാണ്. 2017-ഓടെ രാജ്യം മന്ത് രോഗമുക്തമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അത് സാധ്യമായില്ല. മാത്രമല്ല 2022-ൽ ഇന്ത്യയിൽ 6.96 ലക്ഷം മന്ത് രോഗികൾ വര്‍ധിച്ചു. ശാസ്ത്രീയ നിയന്ത്രണ ഔഷധങ്ങളുടെ ലഭ്യത കുറവും ശരിയായ മരുന്ന് ഉപയോഗത്തിലെ കുറവും ശുചിത്വ പ്രശ്നങ്ങളുമാണ് ഇത് വര്‍ധിക്കാൻ ഇടയാക്കിയത്.


ലോകത്തിലെ ഏറ്റവും വിപുലമായ പ്രതിരോധ കുത്തിവെപ്പ് സംവിധാനം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ ചില വിടവുകൾ കണ്ടെത്തി മുന്നോട്ട് വെക്കുന്നു. നഗരപ്രദേശങ്ങളിലെ കുത്തിവയ്പ്പ് പദ്ധതികളുടെ സങ്കീർണ്ണതയാണ് ഇവയിൽ പ്രധാനം. ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനക്കുറവ് ഇക്കാര്യത്തിലെ മുഖ്യ തടസ്സമായി ചൂണ്ടികാണിക്കപ്പെട്ടു. ഇവ പരിഹരിക്കാനായി ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 1,605 ബ്ലോക്കുകളിൽ WHO പ്രത്യേക സാങ്കേതിക സഹായം നൽകുന്നുണ്ട്. ഗ്രാമങ്ങളിലെക്കാൾ നഗര പ്രദേശങ്ങളിലാണ് ഇപ്പോൾ വിടവ് വര്‍ധിക്കുന്നത്.


ഇന്ത്യയിലെ ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ദരിദ്രരും ഗ്രാമീണരുമായ ജനവിഭാഗങ്ങളിലേക്ക് ചികിത്സാ സൗകര്യങ്ങൾ ഇനിയും കൃത്യമായി എത്തേണ്ടതുണ്ട് എന്ന് സംഘടന ചൂണ്ടികാട്ടുന്നു. പാരമ്പര്യേതര രോഗങ്ങളെ പ്രതിരോധിക്കാൻ വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കണമെന്നും റിപ്പോർട്ട് (WHO Report 2026, ICMR Data, Rajya Sabha Proceedings) ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home