പിഎസ്-സി പരീക്ഷയിൽ ഗുരുതര വീഴ‍്ച
ഉദ്യോഗാർഥികൾ ആശങ്കയിൽ

ചോദ്യപേപ്പർ മാറി നൽകിയതിൽ പ്രതിഷേധിച്ച് ജില്ലാ പിഎസ-്-സി ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ആലപ്പുഴ
പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയതോടെ ഉദ്യോഗാർഥികൾ കടുത്ത നിരാശയിലാണ്. ആലപ്പുഴ ലജനത്ത് സ്കൂളിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ 166 ഉദ്യോഗാർഥികളും ആശങ്ക തുറന്നുപറഞ്ഞു. “മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. വീണ്ടും പരീക്ഷ എഴുതേണ്ട സ്ഥിതി കഷ്ടമാണ്. പുതിയ തീയതി എപ്പോഴായിരിക്കും എന്നൊന്നും അറിയില്ല. ഇത്രയും നാളത്തെ അധ്വാനം വെറുതെയായെന്ന തോന്നലാണിപ്പോൾ.”- പരീക്ഷയെഴുതിയ ഉദ്യോഗാർഥി എൽ മേഘയുടെ വാക്കുകളിൽ സങ്കടം. ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്താനിരുന്നത്. എന്നാൽ രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്കുശേഷമുള്ള സെഷനിലെ ചോദ്യപേപ്പറാണ് വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് പിഴവ് മനസ്സിലായത്. മാറിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതിയ 166 പേരുടെ കാര്യത്തിൽ പരീക്ഷ പിന്നീട് നടത്തുമെന്നാണ് പിഎസ്‌സി നൽകുന്ന പ്രാഥമിക വിവരം. പി എസ് സിയുടെ ഔദ്യോഗിക വിശദീകരണത്തിന് കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.









0 comments