കൊല്ലം-– ചെങ്കോട്ട റെയിൽപാത
അവഗണനയ്‌ക്കെതിരെ എംപിമാർ പ്രതികരിക്കുമോ?


സ്വന്തം ലേഖകൻ
Published on Jul 19, 2026, 01:36 AM | 1 min read
കൊല്ലം
‘കൊല്ലം-– ചെങ്കോട്ട പാതയോടുള്ള റെയിൽവേയുടെ ചിറ്റമ്മനയത്തെയും വർഷങ്ങളായി തുടരുന്ന അവഗണനയെയും അടുത്തയാഴ്ച തുടങ്ങുന്ന പാർലമെന്റ് മൺസൂൺ സെഷനിൽ എങ്കിലും ജില്ലയിലെ എംപിമാർ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷ’–വാട്‌സാപ് ഗ്രൂപ്പുകളിലെ യാത്രക്കാരുടെ കമന്റാണിത്. റെയിൽപാതയെ കോടികൾ ചെലവഴിച്ച് മീറ്റർ ഗേജിൽനിന്ന് ബ്രോഡ്‌ഗേജാക്കി മാറ്റിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും മുന്പുണ്ടായിരുന്ന ട്രെയിനുകൾ പോലും അനുവദിക്കാത്ത അവഗണനയ്‌ക്കെതിരയാണ് യാത്രക്കാരുടെ പ്രതിഷേധം. പാർലന്റെിൽ ഇതൊന്നും ചർച്ചയാക്കാത്ത എംപിമാർക്കെതിരെ യാത്രക്കാരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംപിമാർ നാട്ടുകാർക്കു നൽകുന്നത് വെറും വാഗ്ദാനങ്ങൾ മാത്രം. മീറ്റർ ഗേജിലുണ്ടായിരുന്ന പതിവ് സർവീസുകൾ ബ്രോഡ് ഗേജ് വന്നിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. കൂടുതൽ മെമു സർവീസുകൾ ആരംഭിച്ചാൽ മാത്രമേ ഗാട്ട് സെക്‌ഷനിലെ ഹാൾട്ട് സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പ്രയോജനം കിട്ടൂ. വികസനം എന്ന പേരിൽ നിലവിലുണ്ടായിരുന്ന സൗകര്യം പോലും എടുത്തുകളഞ്ഞു. ഇതിന് മറുപടി പറയാൻ റെയിൽവേ തയ്യാറാകുന്നില്ല. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പുനലൂർ സ്റ്റേഷൻ ഉൾപ്പെടുത്തി വലിയ പ്രഖ്യാപനങ്ങൾ നടത്തി. എന്നാൽ, പണികൾ ഇന്നും ഇഴഞ്ഞുനീങ്ങുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് നിർണായകമായ പ്ലാറ്റ്ഫോം നവീകരണവും ഇഴച്ചിലിലാണ്. പുതിയ ട്രെയിനുകൾ വെറും സ്വപ്നം പുനലൂർ-– ചെങ്കോട്ട റൂട്ടിൽ സാധാരണക്കാർക്ക് ഉപകരിക്കുന്ന പുതിയ സർവീസുകൾ ഇല്ല. മലയോര ജനതയുടെ ആവശ്യം റെയിൽവേ മനഃപൂർവം അവഗണിക്കുകയാണ്. ഗതാഗത സൗകര്യക്കുറവ് രൂക്ഷമായ മലയോര മേഖലയുടെ ജീവനാഡിയായ ഈ റെയിൽപാതയെ സംരക്ഷിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. മൺസൂൺ സെഷനിൽ എങ്കിലും എംപിമാർ ഈ ചോദ്യങ്ങൾ ചോദിച്ച് കൃത്യവും വ്യക്തവുമായ ഉത്തരം റെയിൽവേ മന്ത്രിയിൽനിന്ന് ഉറപ്പാക്കണമെന്നും വീണ്ടും വാഗ്ദാനങ്ങളുടെ പെരുമഴ വേണ്ടെന്നും പ്രസംഗം അല്ല, പ്രവർത്തനമാണ് വേണ്ടതെന്നും യാത്രക്കാർ ഓർമിപ്പിക്കുന്നു.









0 comments