ad
Deshabhimani

കടകം പാലം നിർമാണം ഇഴയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2026, 03:31 AM | 1 min read

ചിറയിൻകീഴ്

കടകം പുളുന്തുരുത്തി പ്രദേശത്തെ ബന്ധിപ്പിച്ച്‌ കടകത്ത് ആരംഭിച്ച പാലംനിർമാണം ഇഴയുന്നു. ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി ടിഎസ് കനാലിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തികൾ കടകം ഗവ. എൽപി സ്‌കൂളിനു സമീപം ഒരുവർഷം മുന്പാണ്‌ തുടങ്ങിയത്‌. ഉൾനാടൻ ജലഗതാഗത വകുപ്പ് 26 കോടിക്ക്‌ നിർമിക്കുന്ന പാലത്തിന് എട്ട് ലാൻഡ് സ്പാനും 40 മീറ്റർ നീളം ഉൾക്കൊള്ളുന്ന മെയിൻ സ്പാനുമുണ്ട്‌. ഇൻലാൻഡ് നാവിഗേഷനാണ് നിർമാണച്ചുമതല. ബോട്ടുയാത്ര സാധ്യമാകുംവിധമാണ്‌ നിർമാണം. ഇരുവശത്തുമുള്ള സ്ഥ‌ലമെടുപ്പ് പൂർത്തിയാക്കി പൈലിങ് ജോലികളും ഏറെക്കുറേ നടന്നു. ഇരുവശത്തുമായി നാലുവീതം സ്പാനുകളുടെ നിർമാണം ഭാഗികമായി മാത്രമാണ്‌ നടന്നിട്ടുള്ളത്. പാലംപണി പൂർത്തിയായാൽ മുതലപ്പൊഴി തുറമുഖവുമായി ബന്ധപ്പെട്ട്‌ മത്സ്യവിപണനത്തിനടക്കം പ്രയോജനകരമാകും. വർഷങ്ങൾക്കു മുന്പ്‌ ഇവിടത്തെ നടപ്പാലം നിലംപതിച്ചിരുന്നു. പഞ്ചായത്ത് നിർമിച്ച ബണ്ടിലൂടെയാണ്‌ പ്രദേശവാസികൾ ഇരുകരയിലേക്കും യാത്ര ചെയ്യുന്നത്. പുതിയ പാലം നിർമാണത്തിന്‌ സർക്കാർ കഴിഞ്ഞവർഷം അനുമതി നൽകി. നിർമാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിന്നു. നിലവിൽ പുളുന്തുരുത്തി ഭാഗത്തേക്ക് മുസലിയാർ എൻജിനിയറിങ് കോളേജ് റോഡിലൂടെ കിലോമീറ്ററുകൾ താണ്ടി വേണം യാത്ര ചെയ്യാൻ. ഒരുവർഷത്തിൽ നിർമാണം പൂർത്തിയാക്കുമെന്ന അധികൃതരുടെ വാഗ്ദാനമാണ് പാലിക്കപ്പെടാത്തത്‌. പണി വൈകുംതോറും മേഖലയിലെ 600 കുടുംബങ്ങളിലെ മൂവായിരത്തിലധികം ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home