അനാശാസ്യ പരസ്യങ്ങൾ വഴി ആളുകളെ വിളിച്ചുവരുത്തി കൊള്ളയടിച്ചു: 11 പേർ അറസ്റ്റിൽ

ബംഗളൂരു: മൊബൈൽ ആപ്ലിക്കേഷനിലെ അനാശാസ്യ പരസ്യങ്ങൾ ഉപയോഗിച്ച് ആളുകളെ വിളിച്ചുവരുത്തി പണം കൊള്ളയടിച്ചു. കേസിൽ 11 പേർ അറസ്റ്റിലായി. ബംഗളൂരുവിലാണ് സംഭവം. വൈറ്റ്ഫീൽഡ് നിവാസിയായ ഒരാളുടെ പരാതിയിലാണ് ബംഗളൂരു പൊലീസിന്റെ നടപടി.
ജൂലൈ 16ന് ഇയാൾ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ വനിതാ സംരക്ഷണ സ്ക്വാഡിനെ സമീപിച്ച് പരാതി നൽകിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ആപ്പിലെ പരസ്യങ്ങളാണ് പ്രതികൾ കൊള്ളയടിക്കാനായി ഉപയോഗിച്ചത്.
പരാതിക്കാരൻ പരസ്യം കണ്ട് അതിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ, പ്രതികൾ ഇയാളോട് ഒരു സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ലൈവ് ലൊക്കേഷനും അയച്ചു നൽകി. പറഞ്ഞതനുസരിച്ച് പരാതിക്കാരൻ എച്ച്ബിആർ ലേഔട്ടിലെ നിർദ്ദിഷ്ട സ്ഥലത്ത് എത്തി. അപ്പോൾ അവിടെ ഒരു സംഘം നിൽപ്പുണ്ടായിരുന്നു.
സമീപത്തെ ഓട്ടോറിക്ഷയിൽ ഇരിക്കുന്ന രണ്ട് സ്ത്രീകളെ കാണിച്ചുകൊടുത്ത് ലൈംഗിക സേവനങ്ങൾ നൽകുന്നതിന് പണം നൽകാൻ അവർ ആവശ്യപ്പെട്ടു. തുടർന്ന്, പരാതിക്കാരന്റെ പണവും മൊബൈൽ ഫോണും ബലമായി തട്ടിയെടുത്ത് അവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
പരാതി നൽകിയതിന് പിന്നാലെ ബംഗളുരു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. രണ്ട് ഓട്ടോറിക്ഷകൾ, നാല് ഇരുചക്ര വാഹനങ്ങൾ, 13 മൊബൈൽ ഫോണുകൾ, പണം എന്നിവയും പൊലീസ് പിടിച്ചെടുത്തു. അനാശാസ്യ പരസ്യങ്ങളിലൂടെ ഇരകളെ കണ്ടെത്തുന്നതായിരുന്നു ഇവരുടെ രീതി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ബംഗളൂരുവിലേക്ക് കൊണ്ടുവന്നതായും വിവിധ സ്ഥലങ്ങളിൽ അവർക്ക് താമസ സൗകര്യം ഒരുക്കി നൽകിയതായും, അവരുടെ ഫോട്ടോകൾ ആപ്പിൽ അപ്‌ലോഡ് ചെയ്തതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. പരസ്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ വഴി നിരവധിയാളുകൾ ഇവരെ ബന്ധപ്പെട്ടതായും പ്രതികൾ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ അനാശാസ്യമോ മറ്റ് നിയമവിരുദ്ധ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളിലോ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളോട് പ്രതികരിക്കരുതെന്ന് ബംഗളൂരു സിറ്റി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.











0 comments