ad
Deshabhimani

പരീക്കണ്ണി എസ്റ്റേറ്റിൽ 
ലോഡ് കണക്കിന് മാലിന്യം തള്ളി

WASTE
വെബ് ഡെസ്ക്

Published on Jul 19, 2026, 01:32 AM | 1 min read

കവളങ്ങാട്


പരീക്കണ്ണിയിൽ ലോഡ് കണക്കിന്‌ മാലിന്യം തള്ളിയതായി പരാതി. പരീക്കണ്ണിക്ക് സമീപം ഉപ്പുകുഴിയിൽ കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലാണ്‌ സംഭവം. എസ്റ്റേറ്റിനുള്ളിൽ പലയിടത്തായി എട്ടിലേറെ ലോഡ് മാലിന്യമാണ് തള്ളിയത്‌. കെട്ടിട അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും, ഇ–മാലിന്യവും ഉൾപ്പെടെയുള്ളവയാണ് തള്ളിയത്.


എസ്റ്റേറ്റിലെ റബറും മറ്റ് മരങ്ങളും വെട്ടിനീക്കി റീപ്ലാന്റിങ്ങിന് ഇട്ടിരിക്കുന്നതിനാൽ സൂപ്രണ്ടോ മറ്റ് ജോലിക്കാരോ എത്തിയിരുന്നില്ല. മാലിന്യം തള്ളിയത് കഴിഞ്ഞദിവസമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തോട്ടത്തിൽ അതിക്രമിച്ചുകയറി മാലിന്യം നിക്ഷേപിച്ചതിനെതിരെ ഊന്നുകൽ പൊലീസിലും കവളങ്ങാട് പഞ്ചായത്തിലും എസ്റ്റേറ്റ് അധികൃതർ പരാതിനൽകി. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


മാലിന്യമെത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിസരത്തെ സിസിടിവികൾ പരിശോധിച്ചു. താലൂക്കിന്റെ പല ഭാഗങ്ങളിലും അടുത്തനാളുകളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം കോളേജിനുസമീപം പാറമടയിൽ കഴിഞ്ഞദിവസം ഒരു ലോഡ് ഇ–-മാലിന്യം നിക്ഷേപിച്ചത് പോത്താനിക്കാട് പൊലീസ് പിടികൂടി വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. കടവൂരിന് സമീപം റബർതോട്ടത്തിൽ തള്ളിയ മാലിന്യകൂമ്പാരത്തിൽനിന്നും ലഭിച്ച കാറ്ററിങ് സ്ഥാപനത്തിന്റെ വിലാസംവച്ച് പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home