സിനിമയ്‌ക്ക് പ്രമേയമായി മിഥുന്റെ ഓർമകൾ

എം അനിൽ
Published on Jul 19, 2026, 01:39 AM | 2 min read
കൊല്ലം
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വൈദ്യുതാഘാതമേറ്റ് ജീവൻപൊലിഞ്ഞ എട്ടാംക്ലാസുകാരൻ മിഥുന്റെ ഓർമകൾ സിനിമയ്‌ക്ക് പ്രമേയമാകുന്നു. പടിഞ്ഞാറെകല്ലട വിളന്തറ മനുഭവനിൽ മനുവിന്റെയും -സുജയുടെയും മകൻ മിഥുന്റെ വേർപാടിന്റെ പശ്‌ചാത്തലത്തിൽ സിനിമ ഒരുക്കുന്നത് നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകൻ സന്ധ്യമോഹൻ ആണ്. 2025 ജൂലൈ 17നാണ് മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. അഭ്രപാളിയിൽ മിഥുനെ അവതരിപ്പിക്കാൻ കൊല്ലം സ്വദേശിയായ എട്ടാംക്ലാസുകാരനെ സംവിധായകൻ കണ്ടെത്തി. മിഥുന്റെ വേർപാടിന്റെ ഒന്നാം വാർഷികദിനമായിരുന്ന വെള്ളിയാഴ്‌ച ഇൗ കുട്ടിയുമായി സന്ധ്യാമോഹൻ വിളന്തറയിൽ എത്തിയിരുന്നു. ‘വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്. കുട്ടിയെ കണ്ടതോടെ മിഥുന്റെ അമ്മയും അച്ഛനും അനുജൻ സുജിനും കെട്ടിപ്പിടിച്ച് കരഞ്ഞു, തലോടി. മിഥുന്റെ അതേ മുഖവും മുടിയും നടത്തവും. അയൽക്കാരും ഓടിയെത്തി ഉമ്മ കൊടുത്തു. ഇതെന്നെ അന്പരിപ്പിച്ചു’–സന്ധ്യാമോഹൻ പറഞ്ഞു. മിഥുന്റെ അച്ഛനമ്മമാരായും മുത്തച്ഛനും മുത്തശ്ശിയായും വേഷമിടുന്നത് പ്രമുഖ നടികളും നടന്മാരുമാണ്. മിഥുന്റെ അനുജൻ, അധ്യാപകർ, സഹപാഠികൾ എന്നിവരെയും അഭ്രപാളിയിൽ അവതരിപ്പിക്കുക സിനിമാതാരങ്ങളാകും. പല കാരണങ്ങളാൽ സ്‌കൂൾ കുട്ടികളുടെ മരണം മുന്പ് ഉണ്ടായിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്‌തമായി മിഥുന്റെ വേർപാട് ഹൃദയസ്‌പർശിയും വൈകാരികവും ആഴമേറിയതുമായ നൊന്പരങ്ങളും കാഴ്‌ചകളുമാണെന്ന് സന്ധ്യമോഹൻ പറയുന്നു. സഹപാഠികളും അധ്യാപകരും ഉൾപ്പെടെ ഒരു നാടാകെ ദിവസങ്ങളോളം വേദനയിൽ വിതുന്പി. കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ സ്‌കൂൾ ഷെഡിന്റെ പുറത്ത് കയറി മിഥുന്റെ ജീവൻ നഷ്ടമാകുന്നതും അവനെ അവസാനമായി ഒരുനോക്കുകാണാൻ സ്‌കൂളിലേക്കും വീട്ടിലേക്കും സഹപാഠികളും ജനക്കൂട്ടവും ഒഴുകിയെത്തിയതും മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. തുടർച്ചയായ മാധ്യമവാർത്തകളും സ്വാധീനിച്ചു. ഇതെല്ലാം സാധാരണ സംഭവത്തിന് അപ്പുറമായി കാണാനും ചിന്തിക്കാനും കഴിഞ്ഞു. ആ ചിന്ത എന്നെ മിഥുന്റെ നാട്ടിലും വീട്ടിലും സ്‌കൂളിലും എത്തിച്ചു. അവിടെ നിന്നാണ് സിനിമയുടെ തിരക്കഥയ്‌ക്ക് അടിത്തറയുണ്ടാകുന്നത്– സന്ധ്യാമോഹൻ വെളിപ്പെടുത്തി. മറ്റ് കുട്ടികളോടുള്ള മിഥുന്റെ സ്‌നേഹവും നന്മയും കരുതലും സമൂഹത്തിന് ഒരു സന്ദേശമായി സിനിമയിലൂടെ പറയാനാണ് സംവിധായകൻ ഉദ്ദേശിക്കുന്നതും. പുതുമുഖ തിരക്കഥാകൃത്ത് വിവേക് ആണ് സിനിമയുടെ സ്‌ക്രിപ്‌റ്റ് എഴുതുന്നത്. തേവലക്കര സ്‌കൂളിലും വിളന്തറയിലുമായി സിനിമാ ചിത്രീകരണം നടത്തി ഇൗ വർഷം അവസാനത്തോടെ സിനിമ തിയറ്ററിൽ എത്തിക്കാനാണ് ശ്രമം.









0 comments