കാർ ബോംബിട്ട് തകർക്കും: സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി

മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. വീട്ടിൽ അതിക്രമിച്ചുകയറി നടനെ കൊലപ്പെടുത്തുമെന്നും കാർ ബോംബിട്ട് തകർക്കുമെന്നുമായിരുന്നു പുതിയ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് ഹെൽപ് ലൈൻ നമ്പരിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ആരാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. നടന്റെ വീട്ടിനുള്ളിൽ കയറിയ ശേഷം കൊലപ്പെടുത്തുമെന്നും കാറിൽ ബോംബ് വയ്ക്കുമെന്നുമാണ് സന്ദേശമെത്തിയത്. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റിലാണ് സൽമാനും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വർഷം സൽമാന്റെ വീടിനു നേരെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഇതിനു ശേഷം സൽമാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു.
മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുട കൊലപാതകത്തിന് ശേഷം സൽമാന് നേരെ വധഭീഷണി വ്യാപകമായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിന്റേതെന്ന പേരിലാണ് വധഭീഷണികളേറെയും.









0 comments