സമയപരിധി ഇന്ന് അവസാനിക്കും; അതിർത്തിയിൽ കൂട്ടപ്പലായനം

ന്യൂഡൽഹി: ഇന്ത്യ വിടാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ഞായറാഴ്‌ച അവസാനിക്കുന്നതോടെ അതിർത്തിയിൽ കൂട്ടപ്പലായനം. ശനിയാഴ്‌ച വരെ ഇന്ത്യയിൽനിന്ന് 304 പാകിസ്ഥാൻ പൗരരും പാകിസ്ഥാനിൽ നിന്ന് 727 ഇന്ത്യാക്കാരും അതിർത്തി കടന്നതായി അധികൃതർ അറിയിച്ചു. പാക് പൗരൻമാരുടെ വിസകൾ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ ഇന്ത്യക്കാരുടെ വിസകൾ റദ്ദാക്കാൻ പാകിസ്ഥാൻ സർക്കാരും തീരുമാനിച്ചിരുന്നു.
മെഡിക്കൽ വിസ കൈവശമുള്ള പാക് പൗരൻമാർക്ക് ചൊവ്വ വരെ ഇന്ത്യയിൽ തുടരാം. വാഗ –-അട്ടാരി ചെക്‌പോസ്റ്റിൽ ബിഎസ്‌എഫുകാർ പാസ്‌പോർട് പരിശോധിച്ച ശേഷമാണ് പാക് പൗരൻമാരുടെ വാഹനങ്ങൾ കടത്തിവിടുന്നത്. പാക് പാസ്‌പോർട്ടുള്ളവർക്ക് ഇന്ത്യയിലേക്കും ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് തിരിച്ചും പ്രവേശനമില്ല.
പരിശോധനകൾ കർശനമായതോടെ, അതിർത്തിയിൽ സാധനങ്ങൾ നിറച്ചുള്ള വാഹനങ്ങളുടെ നീണ്ട നിരയായി. ഒരുമിച്ചെത്തിയ പലരും രണ്ട് രാജ്യങ്ങളിലെ പാസ്‌പോർട്ട് കൈവശമുള്ളതിനാൽ ഒരുമിച്ച് മടങ്ങാനാകാതെ പ്രതിസന്ധിയിലായി. ബന്ധുക്കളെ കാണാനും വിവാഹത്തിൽ പങ്കെടുക്കാനും ഇന്ത്യയിൽ എത്തിയവരാണ് മടങ്ങുന്നവരിൽ അധികവും.









0 comments