ഗുജറാത്തിൽ മീശ വളർത്തിയതിന് ദളിത് യുവാവിന് മർദനം

പ്രതീകാത്മകചിത്രം
അഹമ്മദാബാദ് : ഗുജറാത്തിൽ താടിയും മീശയും വളർത്തിയതിന്റെ പേരിൽ ദളിത് യുവാവിന് മർദനം. ജുനാഗഡ് ജില്ലയിലാണ് സംഭവം. താടിയും മീശയും വളർത്താൻ അധികാരം ഉയർന്ന ജാതിക്കാർക്ക് മാത്രമാണെന്ന് ആരോപിച്ചാണ് ദളിത് യുവാവിനെയും ഭാര്യാപിതാവിനെയും ക്രൂരമായി മർദ്ദിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗസ്ത് 11 ന് ഖംഭാലിയ ഗ്രാമത്തിൽ നടന്ന സംഭവം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായതോടെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു. മംഗ്നാഥ് പിപ്ലി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളിയായ സാഗർ മക്വാനയെയും ഭാര്യാപിതാവ് ജീവൻഭായ് വാലയെയുമാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചതെന്നാണ് വിവരം. സാഗറിന്റെ രൂപത്തെ പരിഹസിച്ചതായും പരാതിയുണ്ട്.
ബൈക്ക് നന്നാക്കാൻ സാഗർ ഖംഭാലിയയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്ന് സാഗർ പരാതിയിൽ പറയുന്നു. നവി ചാവന്ദ് ഗ്രാമത്തിൽ നിന്നുള്ള അഞ്ചംഗസംഘം റെയിൽവേ പാലത്തിന് സമീപം സാഗറിനെ തടഞ്ഞുനിർത്തി, ബൈക്കിൽ നിന്ന് തള്ളിയിടുകയും താടിയും മീശയും വളർത്തിയതിന് അസഭ്യം പറയുകയും ചെയ്തു. ജാതീയമായ അധിക്ഷേപം നടത്തുകയും ഉയർന്ന ജാതിയിൽ നിന്നുള്ളവരെപ്പോലെ തോന്നിക്കുന്ന വേഷം ധരിക്കരുതെന്ന് താക്കീത് ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. സഹായത്തിനായി സാഗർ തന്റെ ഭാര്യാപിതാവിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഭാര്യാപിതാവ് ജീവൻഭായിയെയും അഞ്ചംഗസംഘം മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചതായി പൊലീസ് പറഞ്ഞെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments