പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് നേരെ ക്രൂരമർദനം

ഒഡീഷ : പശുക്കടത്ത് ആരോപിച്ച് ദളിത് യുവാക്കൾക്ക് ക്രൂരമർദനം. ക്രൂരമായി മർദ്ദിക്കുകയും മലിനജലം കുടിപ്പിക്കുകയും മുട്ടിലിഴച്ച് നടത്തിക്കുകയും ചെയ്തു.ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഹരിപുർ ഗ്രാമത്തിലാണ് രണ്ട് ദളിത് യുവാക്കൾക്ക് കൊടിയ അപമാനവും മർദനവും നേരിടേണ്ടി വന്നത്.
മർദ്ദനം സഹിക്കവയ്യാതെ വന്നതോടെ യുവാക്കൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരുടെയും പുറംഭാഗത്തിനും തലയ്ക്കും ഗുരുതര പരിക്കുകളുണ്ട്. നിലവിൽ ഇവർ ആശുപത്രിയിലാണ്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഗ്രാമവാസികൾ ആവശ്യപ്പെട്ട പണം യുവാക്കൾ നൽകിയില്ലെന്ന് പറഞ്ഞാണ് ഗ്രാമവാസികൾ മർദനം ആരംഭിച്ചത്. ഇരുവരെയും ഗ്രാമവാസികൾ അർധനഗ്നരാക്കി മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരെയും കയറിൽ കെട്ടിയ ശേഷം മുട്ടലിഴച്ച് നടത്തിച്ചു. രണ്ട് കിലോമീറ്ററോളമാണ് ഇത്തരത്തിൽ നടത്തിച്ചത്. ഇതിനിടെ ചില ഗ്രാമവാസികൾ യുവാക്കളെ പുല്ല് തീറ്റിക്കുകയും മലിനജലം കുടിപ്പിക്കുകയും ചെയ്തു.
0 comments