സ്വാതന്ത്ര്യ പോരാട്ടത്തിൽ ആർഎസ്‌എസിന് പങ്കില്ല: ഡി രാജ

ചണ്ഡീഗഡ്
: കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന്റെയും അവരുടെ ത്യാഗത്തിന്റെയും കൂടി ഫലമാണ് ഇന്ത്യൻ സ്വാതന്ത്ര്യമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയും ആർഎസ്‌എസും ഒരേ കാലത്താണ് രൂപം കൊണ്ടത്. കൊളോണിയൽ ശക്തികൾക്കെതിരെ കമ്യൂണിസ്റ്റ് പാർടി പോരാടിയപ്പോൾ ആർഎസ്‌എസ് എന്ത് ചെയ്യുകയായിരുന്നു. രക്തസാക്ഷിത്വമുൾപ്പെടെ വരിച്ച് ത്യാഗനിർഭരമായ പോരാട്ടമാണ് കമ്യൂണിസ്റ്റുകാർ നടത്തിയത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് ഒരു പങ്കും ചൂണ്ടിക്കാട്ടാനില്ലെന്നും സിപിഐ 25–ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ ആർഎസ്‌എസ് കൂടുതൽ അക്രമോത്സുകമായി. ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണ്. ഇന്ത്യയെ ഫാസിസ്റ്റ് രാഷ്‌ട്രമായി മാറ്റാനുള്ള ശ്രമമാണ് അവരുടേത്. പ്രധാനമന്ത്രി ആയപ്പോൾ ‘സബ്‌കാ സാഥ്, സബ്‌കാ വികാസ്’ എന്നായിരുന്നു മോദിയുടെ മുദ്രാവാക്യം. എന്നാൽ സർക്കാർ കോർപറേറ്റുകളുടേതാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി.
തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയുമല്ല, അദാനിയുടെയും അംബാനിയുടെയും സർക്കാരാണിത്. രാജ്യത്തെ രക്ഷിക്കാൻ ബിജെപി സർക്കാരിനെ താഴെയിറക്കണം. അതിന് എല്ലാ കമ്യൂണിസ്റ്റ്– ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ രാജ്യത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments