ലെനിനെ വായിച്ച് പൊതുരംഗത്തേക്ക്

ചണ്ഡിഗഡ്
തമിഴ്നാട് വെല്ലൂർ ചിത്താത്തൂർ പാലാർ നദിക്കരയിലെ കുടിലിൽനിന്നുള്ള ഡി രാജയുടെ യാത്ര ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുടേതായിരുന്നു.1949 ജൂൺ മൂന്നിന് പി ദൊരൈസ്വാമിയുടെയും നായകത്തിന്റെയും മകനായാണ് ജനനം.
കർഷകകുടുംബത്തിൽ ജനിച്ച രാജയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാവുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്ന് ലഭിച്ച പുസ്തകങ്ങളിലൂടെ. റഷ്യൻ വിപ്ലവത്തെ കുറിച്ചും ലെനിനെ കുറിച്ചും മനസ്സിലാക്കാൻ ആ പുസ്തകങ്ങൾ സഹായിച്ചു. ഗൂഡിയാട്ടം ജിടിഎം കോളേജിൽ നിന്നായിരുന്നു ബിരുദ പഠനം.
പഠനം പൂർത്തിയാക്കിയതോടെ ചിത്താത്തൂർ എന്ന കർഷക ഗ്രാമത്തിലെ ആദ്യ ബിരുദധാരിയായി. ബി എഡും പൂർത്തിയാക്കി.എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള രാജയുടെ കടന്നുവരവ്. തുടർന്ന് എഐവൈഎഫിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി (1975–-80), അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985–-90) എന്നീ നിലകളിലും പ്രവർത്തിച്ചു. 1994ലാണ് സിപിഐ ദേശീയ സെക്രട്ടറിയാവുന്നത്. 2007ലും 2013ലും തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തി. 2019ൽ സിപിഐയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. ദളിത് ക്വസ്റ്റ്യൻ; ദി വേ ഫോർവേഡ് എന്ന പുസ്തകമെഴുതി. ദേശീയ സെക്രട്ടറിയറ്റ് അംഗം ആനി രാജയാണ് ഭാര്യ, മകൾ അപരാജിത രാജ എൻഎഫ്ഐഡബ്ല്യു പ്രവർത്തകയാണ്. പാർടി കോൺഗ്രസ് പ്രതിനിധിയായിരുന്നു.










0 comments