ആർഎസ്എസ് -ബിജെപി കൂട്ടുകെട്ട് ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യൻ ഭരണഘടനയെ: ഡി രാജ

മധുര: മോശപ്പെട്ട സർക്കാർ മാത്രമല്ല, മറിച്ച് ചൂഷണത്തിനായി നിലനിൽക്കുന്ന ഒരു സംവിധാനം കൂടിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. 24-ാം പാർടി കോൺഗ്രസിൽ മധുരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വർഗസമരത്തോടൊപ്പം, ഏറ്റവും പഴകിയതും ക്രൂരവുമായ സാമൂഹിക അടിച്ചമർത്തൽ ഉപകരണമാക്കിയുള്ള ജാതിവ്യവസ്ഥ കൂടി നിലനിൽക്കുന്നുണ്ടെന്നും രാജ പറഞ്ഞു.
ജാതി-വർഗ അടിച്ചമർത്തലുകൾ ഒരുപോലെ മുന്നോട്ടുപോകുകയല്ല ചെയ്യുന്നത്. അവ ഇഴചേർന്നിരിക്കുകയാണുണ്ടാകുന്നത്. വിദ്യാഭ്യാസം, ഭൂമി എന്നിങ്ങനെയെല്ലാം ദളിതർക്കും ആദിവാസികൾക്കും മറ്റ് അവശ ജനവിഭാഗങ്ങൾക്കും നിഷേധിക്കപ്പെടുന്നു. അംബേദ്കർ ഒരിക്കൽ പറഞ്ഞു. ജാതിയെന്നാൽ തൊഴിലിനെ വേർതിരിക്കലല്ല, അത് തൊഴിലാളികളെ വേർതിരിക്കലാണ്. - രാജ പറഞ്ഞു.
ആർഎസ്എസ് ബിജെപി സഖ്യം ഇന്ത്യൻ ഭരണഘടനയെയാണ് ലക്ഷ്യംവയ്ക്കുന്നത്. തൊഴിലില്ലായ്മ യുവാക്കളെ പ്രതീക്ഷകളില്ലാത്തവരായി മാറ്റിയിരിക്കുന്നു. കാർഷിക പ്രതിസന്ധി ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു. പൊതുവിദ്യാഭ്യാസവും വിദ്യാഭ്യാസവും ഘട്ടംഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സർവകലാശാലകൾ ആർഎസ്എസ് ലബോറട്ടറികളാകുന്നു. പത്രപ്രവർത്തനം ക്രിമിനൽവത്കരിച്ചിരിക്കുന്നു. ഇന്ത്യയുടെ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ചട്ടക്കൂട് കീറിയെറിഞ്ഞിരിക്കുന്നു- രാജ വ്യക്തമാക്കി.









0 comments